Breaking NewsLead NewsMovieNEWS

ഇതാ ശരിക്കും ലേഡി സൂര്‍പ്പര്‍ സ്റ്റാര്‍!!! മരണമാസായി കല്യാണി; കോടികളുടെ കിലുക്കവുമായി ‘ലോക’ ഓണം തൂക്കി

‘അവള്‍ വരുന്നു’ എന്നര്‍ഥമുള്ളൊരു ചുവരെഴുത്തുണ്ട് ‘ലോകാ’ സിനിമയുടെ ഫ്രെയിമുകളിലൊന്നില്‍. ചന്ദ്രയെന്ന കഥാപാത്രം വിശ്വരൂപം പുറത്തെടുക്കാന്‍ പോകുന്നുവെന്ന സൂചനയാണ് ആ ചുവരെഴുത്ത്. കഥാപാത്രത്തെ മാത്രമല്ല കല്യാണി പ്രിയദര്‍ശന്‍ എന്ന മാസ് നായികയുടെ പിറവിയെക്കൂടി വിശാലമായ അര്‍ഥത്തില്‍ ആ അക്ഷരങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. നായിക പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ വിരളമായി മാത്രം സംഭവിക്കുന്ന സമകാലിക മലയാള സിനിമയില്‍ പതിവ് കാഴ്ച ശീലങ്ങളെ മാറ്റിയെഴുതുകയാണ്

ഡൊമനിക്ക് അരുണിന്റെ ‘ലോക അധ്യായം ഒന്ന്: ചന്ദ്ര’. കേവലം ഒരു നെപ്പോ കിഡ് മാത്രമല്ല താനെന്നു അടിവരയിടുന്ന മാസ്മരിക പ്രകടനം കൊണ്ടു കല്യാണി തന്റെ പേര് മലയാള സിനിമ ചരിത്രത്തിലേക്ക് എഴുതി ചേര്‍ക്കുന്നു.

Signature-ad

ശാരദ, സീമ, ഉര്‍വശി, ശോഭന, മഞ്ജു വാരിയര്‍, മീരാ ജാസ്മിന്‍, പാര്‍വതി തുടങ്ങി ഒട്ടേറെ നായികമാര്‍ നായകനൊപ്പമോ അതിനു മുകളിലോ തലപൊക്കമുള്ള കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. വാണി വിശ്വനാഥ് ചില ആക്ഷന്‍ വേഷങ്ങളിലും തിളങ്ങിയിട്ടുമുണ്ട്. അപ്പോഴും ഒരു മാസ് ഹീറോയിന്‍ വേഷം എല്ലാ കാലത്തും മലയാളത്തിനു അന്യമായിരുന്നു. ‘ലോക’യിലൂടെ ഒരേ സമയം ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിനു ഒരു നായിക പ്രധാന്യമുള്ള സിനിമയും ആദ്യമായി ഒരു മാസ് സൂപ്പര്‍ ഹീറോയിനെയും ലഭിക്കുന്നു എന്ന പ്രത്യേകതയമുണ്ട്.

കല്യാണി പ്രിയദര്‍ശനെ പോലെ മലയാളത്തില്‍ പത്തില്‍ താഴെ സിനിമകള്‍ മാത്രം ചെയ്തിട്ടുള്ള ഒരു നായികയെ കേന്ദ്രകഥാപാത്രമാക്കി വലിയൊരു കാന്‍വാസില്‍ വലിയ ബഡ്ജറ്റില്‍ സിനിമ ചെയ്യാന്‍ മുന്നോട്ടു വന്ന സംവിധായകന്‍ ഡൊമനിക്ക് അരുണും നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാനും കയ്യടി അര്‍ഹിക്കുന്നു. ‘ആന്റണി’ ഒഴികെയുള്ള സിനിമകളില്‍ നഗരത്തിലോ ഗ്രാമിത്തിലോ ജനിച്ചു വളര്‍ന്ന ഒരേ അച്ചിലിട്ടു വാര്‍ത്തെടുത്ത കുറുമ്പും ക്യൂട്ട്‌നസുമുള്ള മലയാളി പെണ്‍കുട്ടി വേഷങ്ങളായിരുന്നു കല്യാണി ചെയ്തിരുന്നത്.

ആറടി പൊക്കമില്ലാത്ത ഫിറ്റനസ് ഫ്രീക്കായിട്ടല്ലാത്ത കല്യാണി പ്രിയദര്‍ശനെകൊണ്ട് മാസ് വേഷമൊക്കെ പറ്റുമോ എന്ന് ചിന്തിച്ചവര്‍ വിരളമല്ല. എന്നാല്‍ സംവിധായകന്റെയും നിര്‍മാതാവിന്റെയും പ്രതീക്ഷകള്‍ക്കൊപ്പവും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കു ഒരു പടി മുകളിലും നില്‍ക്കുന്ന ഗംഭീര പ്രകടനമാണ് കല്യാണി പുറത്തെടുക്കുന്നത്. വിമര്‍ശകരുടെ സംശയങ്ങളെ പ്രകടന മികവു കൊണ്ട് മറികടക്കുന്നു കല്യാണി, പ്രണയവും നിഗൂഢതയും മാസുമൊക്കെ ഇടകലര്‍ന്ന ഒന്നിലേറെ അടരുകളുള്ള കഥാപാത്രം തന്റെ കൈകളില്‍ സുരക്ഷിതമാക്കുന്നു.

യുവതാരങ്ങളായ നസ്ലിന്‍, അരുണ്‍ കുര്യന്‍, ചന്തു സലീംകുമാര്‍ പ്രതിനായക വേഷത്തില്‍ എത്തുന്ന സാന്‍ഡി, സ്റ്റാര്‍ കാമിയോ വേഷങ്ങളില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, സണ്ണി വെയിന്‍ തുടങ്ങി വമ്പന്‍ താരനിരയുള്ളപ്പോഴും സിനിമയുടെ ന്യൂക്ലിയസ് കല്യാണി പ്രിയദര്‍ശനായിരുന്നു. ‘ലോക’യുടെ അധ്യായം ഒന്നില്‍ തന്റെ സഹതാരങ്ങളെയെല്ലാം നിക്ഷ്പ്രഭരാക്കി ഒരുപടി മുകളില്‍ തന്നെ പറക്കുന്നു കല്യാണിയുടെ ചന്ദ്രയെന്ന കഥാപാത്രം.

ഏറെ കാലത്തിനു ശേഷം ഒരേ അഭിനേതാവിന്റെ രണ്ട് സിനിമകള്‍ ഓണക്കാലത്ത് ഒരുമിച്ച് റിലീസാകുന്നുവെന്ന പ്രത്യേകതയും ഉണ്ട്. യാദൃച്ഛികമായി സംഭവിച്ചതാണെങ്കിലും കല്യാണിയുടെ വരവറിയിക്കുന്ന ഉത്സവകാലമായി ഈ ഓണം മാറുന്നു. തന്റെ തന്നെ മുന്‍ കഥാപാത്രങ്ങളോട് താരതമ്യം പോലും അസാധ്യമാക്കുന്ന രീതിയില്‍ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി പുതിയൊരു ബെഞ്ച് മാര്‍ക്ക് സൃഷ്ടിക്കുകയാണ് കല്യാണി ‘ലോക’യിലൂടെ

പുതിയൊരു സൂപ്പര്‍ഹീറോ കഥാപാത്രത്തെ സൃഷ്ടിക്കുന്നതിനു പകരം മലയാളികളുടെ ഓര്‍മ്മകളില്‍ പതിഞ്ഞ ഐതിഹ്യങ്ങളിലെയും മിത്തുകളിലെയും കഥാപാത്രങ്ങളെ പുതിയ കാലത്തിന് അനുസരിച്ച് പുനഃപ്രതിഷ്ഠിക്കുകയാണ് സംവിധായകന്‍. കല്യാണിയുടെ കഥാപാത്രം അമാനുഷിക ശക്തികളുള്ള ഒരാളാണെ്. എങ്കിലും അതിഭാവുകത്വവും നാടകീയതയും ഒഴിവാക്കി കയ്യടക്കത്തോടെയും മെയ്വഴക്കത്തോടെയും മിത്വതത്തോടെ കഥാപാത്രത്തെ പകര്‍ത്തിയാണ് കല്യാണി സ്‌കോര്‍ ചെയ്യുന്നത്.

കല്യാണിക്കൊപ്പം ചിത്രത്തിന്റെ സഹ-എഴുത്തുകാരിയായ ശാന്തി ബാലചന്ദ്രനും അണിയറയില്‍ ശക്തമായ സ്ത്രീ സാന്നിധ്യമായി മാറുന്നു. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ലോകയുടെ കളറിസ്റ്റ് യാഷിക റൗത്രയാണ് പിന്നണിയിലെ മറ്റൊരു വണ്ടര്‍ വുമണ്‍. സിനിമ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന അഭിനേതാക്കളും ടെക്‌നിഷ്യന്‍സുമായ വനിതകള്‍ക്കു തീര്‍ച്ചയായും ലോക ഒരു വലിയ പ്രചോദനമായി മാറും എന്ന് പ്രതീക്ഷിക്കാം.

മലയാളത്തിലെ ആദ്യസൂപ്പര്‍ വുമണ്‍ സിനിമ എന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടുകയാണ് ലോക. ഈ ഓണക്കാലത്ത് തീയേറ്റുകളെ പൂരപ്പറമ്പാക്കി മാറ്റുകയാണ് ചിത്രം. കേരളത്തിലെ 250-ലധികം സ്‌ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ചിത്രം ആദ്യം ദിനം കളിച്ചത്. രണ്ടാം ദിനം ഇത് ഇരട്ടിയായി. എന്നിട്ടും എല്ലായിടത്തും ഹൗസ് ഫുള്‍. 2025-ലെ ഓണച്ചിത്രങ്ങളെയെല്ലാം വെട്ടിച്ച് ഇന്‍ഡസ്ട്രി തൂക്കിയിരിക്കയാണ് ചിത്രം.

 

Back to top button
error: