തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് അപകടം; അറുപതോളം വാഹനങ്ങള്‍ക്ക് കൈകാണിച്ചു, ആരും സഹായിച്ചില്ല; ചോരവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

എറണാകുളം: നിര്‍ത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. എംസി റോഡില്‍ മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സിഗ്നല്‍ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കോട്ടയം സൗത്ത് പാമ്പാടി ആലുങ്കപ്പറമ്പില്‍ ചന്ദ്രന് ചെട്ടിയാരുടെയും ശോഭയുടെയും മകന് അനന്തു ചന്ദ്രന് (30) ആണ് മരിച്ചത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മാനേജരാണ് അനന്തു.
ബുധനാഴ്ച രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്. ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് തടിലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പുലര്‍ച്ചെ 5.15ഓടെയാണ് ലോറി ഡ്രൈവര്‍ അപകടം നടന്ന വിവരം അറിയുന്നത്. ഡ്രൈവറും പേഴയ്ക്കാപ്പിള്ളി സ്വദേശി ഷൗക്കത്തും മറ്റൊരു വാഹനത്തിലെത്തിയ യുവാക്കളും ചേര്‍ന്ന് അനന്തുവിനെ മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അനന്തുവിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിക്കാനായി സഹായംതേടി നിരവധി വണ്ടികള്‍ക്ക് കൈകാണിക്കേണ്ടി വന്നുവെന്ന് ഷൗക്കത്ത് പറഞ്ഞു. ചിലരൊക്കെ വണ്ടി നിര്‍ത്തി കാര്യം ചോദിച്ചതല്ലാതെ സഹായിക്കാന്‍ തയ്യാറായില്ല. എംസി റോഡിലൂടെ കടന്നുപോയ അറുപതോളം വാഹനങ്ങള്‍ക്ക് ലോറി ഡ്രൈവറും ഷൗക്കത്തും ചേര്‍ന്ന് സഹായത്തിനായി കൈ കാണിച്ചു. ഒടുവില്‍ കാറിലെത്തിയ ഒരു സംഘം യുവാക്കളാണ് അനന്തുവിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്. അനന്തുവിന്റെ സഹോദരി ആര്യ ചന്ദ്രന് (യുകെ).






