Breaking NewsCrimeKeralaLead NewsNEWS

കാസര്‍കോട്ട് ആസിഡ് കുടിച്ച് ദമ്പതിമാരും മകനും മരിച്ചു; മറ്റൊരു മകന്‍ ചികിത്സയില്‍, കടബാധ്യതയെന്നു നാട്ടുകാര്‍

കാസര്‍കോഡ്: കാഞ്ഞങ്ങാടിന് കിഴക്ക് പറക്കളായി ഗ്രാമത്തിലെ കര്‍ഷകനെയും ഭാര്യയെയും മകനെയും ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഗോപി(58), ഭാര്യ ഇന്ദിര(54), മകന്‍ രഞ്‌ജേഷ്(34) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ്(27) ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നു കരുതുന്നതായി നാട്ടുകാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇവര്‍ ബന്ധു വീടുകളില്‍ പോകുകയും ക്ഷേത്ര ദര്‍ശനം നടത്തുകയും ചെയ്തതായും അയല്‍വാസികള്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോണ്‍ കോളിലാണ് വിവരമറിയുന്നത്. ഫോണ്‍ വിളിച്ചത് രഞ്‌ജേഷാണെന്ന് കരുതുന്നു. തീരെ വയ്യ ആസ്പത്രിയിലെത്തിക്കണം എന്നു മാത്രമാണ് പറഞ്ഞത്.

Signature-ad

ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോള്‍ മൂന്നുപേരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. രാകേഷിനെ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ഉറപ്പു പറയാനാകില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ പറഞ്ഞു.

രഞ്‌ജേഷും രാകേഷും നേരത്തെ ദുബായിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തി ബിസിനസ് തുടങ്ങി. പലചരക്ക് സാധനങ്ങളുള്‍പ്പെടെ വീടുകളിലെത്തിച്ചു നല്‍കുന്നതായിരുന്നു ബിസിനസ്. ഇതില്‍ വലിയ നേട്ടമുണ്ടായില്ലെന്നും വലിയ സാമ്പത്തിക ബാധ്യത ഇതുവഴി ഉണ്ടായെന്നും അറിയുന്നു. ഈ ബിസിനസ് നിര്‍ത്തി ഇവര്‍ കൂലിപ്പണിക്ക് പോയിത്തുടങ്ങിയിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

 

Back to top button
error: