Breaking NewsLead NewsNewsthen Specialpolitics

കര്‍ഷകര്‍ക്കു വളം നല്‍കുന്നില്ലെന്ന്; കളക്ടറെ കൈയേറ്റം ചെയ്യാനൊരുങ്ങി എംഎല്‍എ; പിടിച്ചുമാറ്റിയത് ഗണ്‍മാന്‍; വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ആവശ്യത്തിന് വളം നല്‍കുന്നത് തടയുന്നുവെന്ന് ആരോപിച്ച് കലക്ടറെ കയ്യേറ്റം ചെയ്ത് ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. ജില്ലാ കലക്ടര്‍ സഞ്ജീവ് ശ്രീവാസ്തവയ്ക്ക് നേരെയാണ് അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും ഉണ്ടായത്. കലക്ടറുടെ വസതിയിലേക്ക് എത്തിയ എംഎല്‍എ നരേന്ദ്ര സിങ് കുശ്‌വാഹ കുപിതനായി സംസാരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

ഒരു സംഘം കര്‍ഷകരുമായാണ് കുശ്‌വാഹ കലക്ടറെ കാണാനെത്തിയത്. കര്‍ഷകര്‍ക്ക് ആളൊന്നിന് രണ്ടുബാഗ് വളം വീതം മാത്രം നല്‍കിയാല്‍ മതിയെന്ന കലക്ടറുടെ നിര്‍ദേശമാണ് എംഎല്‍എയെ ചൊടിപ്പിച്ചത്. ഗേറ്റിലെത്തി ബഹളം വച്ച എംഎല്‍എയെ കാണാന്‍ കലക്ടര്‍ കൂട്ടാക്കിയില്ല. ഇതോടെ അതിക്രമിച്ച് അകത്തേക്ക് കടക്കുകയായിരുന്നു. കലക്ടര്‍ അഹംഭാവം തുടര്‍ന്നാല്‍ പൊതുജനങ്ങളെ ബംഗ്ലാവില്‍ കയറ്റുമെന്നും എംഎല്‍എ പറഞ്ഞു. കലക്ടര്‍ പുറത്തേക്ക് വന്നതോടെ വാക്കേറ്റമായി. അനാവശ്യം സംസാരിക്കരുതെന്നായി കലക്ടര്‍. ഇതോടെ കലക്ടര്‍ കള്ളനാണെന്നും പുറത്തിറങ്ങിയാല്‍ തല്ലുമെന്നും എംഎല്‍എ ഭീഷണി മുഴക്കി. ഒപ്പമുണ്ടായിരുന്ന കര്‍ഷകര്‍ എംഎല്‍എയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളികളും ആരംഭിച്ചു. മുഷ്ടി ചുരുട്ടി കലക്ടറെ ഇടിക്കാന്‍ എംഎല്‍എ അടുത്തതും കലക്ടറുടെ ഗണ്‍മാന്‍ പിടിച്ച് മാറ്റുകയായിരുന്നു.

Signature-ad

ഇതിന് പിന്നാലെ കലക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ ബംഗ്ലാവിന് പുറത്ത് ധര്‍ണ ആരംഭിച്ചു. കലക്ടറെ സ്ഥലം മാറ്റാതെ താന്‍ മടങ്ങിപ്പോവില്ലെന്ന് എംഎല്‍എയും നിലപാടെടുത്തു. കര്‍ഷകര്‍ക്ക് കൃഷിക്കുള്ള സഹായവും വളവും നല്‍കാതെ കലക്ടര്‍ ദ്രോഹിക്കുകയാണെന്നും സര്‍വത്ര അഴിമതിക്കാരനാണെന്നും കുശ്‌വാഹ ആരോപിച്ചു.

2003ലാണ് ഭിന്ദില്‍ നിന്നും കുശ്‌വാഹ എംഎല്‍എയായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2008 ല്‍ ബിജെപി ടിക്കറ്റ് നിരസിച്ചതോടെ വിമതനായി സമാജ്‌വാദി ടിക്കറ്റില്‍ മല്‍സരിച്ചു. 2013 ല്‍ വീണ്ടും ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ചു. 2018 ല്‍ പാര്‍ട്ടി വീണ്ടും ടിക്കറ്റ് നിരസിച്ചതോടെ വീണ്ടും സമാജ്‌വാദി പാര്‍ട്ടിയിലെത്തി മല്‍സരിച്ച് തോറ്റു. 2023 ല്‍ ബിജെപിയിലേക്ക് മടങ്ങിയെത്തിയ കുശ്‌വാഹ വീണ്ടും മല്‍സരിച്ച് ജയിക്കുകയായിരുന്നു. bjp-mla-assaults-collector-over-fertilizer-distribution

Back to top button
error: