Breaking NewsLead News

അച്ഛന്‍ മുങ്ങി? വാടകവീട്ടില്‍ നാലാംക്ലാസുകാരനും 26 നായ്ക്കുട്ടികളും, പോലീസെത്തി രക്ഷിച്ചു

എറണാകുളം: തൃപ്പൂണിത്തുറയില്‍ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടുകാരനെ കാണാതായി. ഒറ്റപ്പെട്ടുപോയ ഇയാളുടെ നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ പോലീസെത്തി ബന്ധുക്കള്‍ക്ക് കൈമാറി. ഇയാള്‍ വളര്‍ത്തിയിരുന്ന 26 ഹൈബ്രിഡ് നായ്ക്കളും പട്ടിണിയിലായി. നായ്ക്കളെ ഷെല്‍റ്ററിലേയ്ക്കു മാറ്റി.

എരൂര്‍ തൈക്കാട്ട് ദേവീക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സുധീഷ് എസ്. കുമാര്‍ എന്നയാളെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. സുധീഷിന്റെ മകന്‍ ഫോണില്‍ പോലീസിനെ വിളിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. തിങ്കളാഴ്ച രാത്രിയോടെ പോലീസെത്തി കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. സുധീഷിനെ കണ്ടെത്തിയിട്ടില്ല. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.

Signature-ad

മുപ്പതിനായിരം മുതല്‍ അര ലക്ഷം രൂപ വരെ വിലയുള്ള നായ്ക്കള്‍ ഈ വീട്ടില്‍ ഉണ്ടായിരുന്നു. നായ്ക്കളെ ബ്രീഡിങ് നടത്തി വില്‍പ്പന നടത്തിയിരുന്ന ആളായിരുന്നു സുധീഷ് എന്നു പറയുന്നു. പട്ടിണിയിലായ നായ്ക്കള്‍ക്ക് ഭക്ഷണം കിട്ടാതെ ബഹളംവെച്ചത് പ്രദേശവാസികള്‍ക്കും ബുദ്ധിമുട്ടായി.

വിവരമറിഞ്ഞ് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ. സജീവന്‍ സ്ഥലത്തെത്തി നായ്ക്കള്‍ക്ക് തീറ്റയും വെള്ളവും നല്‍കി. ഇത്രയും നായ്ക്കളെ ഇവിടെ വളര്‍ത്തുന്നതിനെതിരേ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. ഇവയെ ഇവിടെനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ തൃപ്പൂണിത്തുറ നഗരസഭാധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അധികൃതര്‍ നായ്ക്കളുടെ ഉടമയ്ക്ക് നോട്ടീസ് കൊടുത്തിരുന്നു. ബുധനാഴ്ച പോലീസ് നായ്ക്കളെ കൊച്ചി കണ്ടക്കടവിലെ ഷെല്‍റ്ററിലേക്കു മാറ്റി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: