പ്രവാചക കേശം കൊണ്ടുവച്ചതിനേക്കാള്‍ അര സെന്റിമീറ്ററോളം വലുതായി! അവകാശവാദവുമായി കാന്തപുരം; പ്രവാചകസ്നേഹം ചൂഷണം ചെയ്യാനുള്ള ശ്രമമെന്ന് ഐ.എസ്.എം

കോഴിക്കോട്: പ്രവാചക കേശം(ശഅ്റ് മുബാറക്) നമ്മള് കൊണ്ടുവെച്ചതിനെക്കാള്‍ അര സെന്റിമീറ്ററോളം വലുതായിട്ടുണ്ടെന്ന അവകാശവാദവുമായി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” പ്രവാചക കേശത്തിന് പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയില്‍ നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫില്‍ നിന്ന് വടിച്ചെടുക്കുന്ന പൊടികള്‍, അവിടുത്തെ കൈവിരലുകള്‍ ഭൂമിയില്‍ കുത്തിയപ്പോള്‍ പൊങ്ങിവന്ന വെള്ളവും ഉള്‍പ്പെടെ എല്ലാം ചേര്‍ത്ത വെള്ളമാണ് നിങ്ങള്‍ക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങള്‍ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്”- കാന്തപുരം പറഞ്ഞു. ബഹുമാനത്തോടെ മാത്രമെ ആ വെള്ളത്തെ കാണാവൂ. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.
”പ്രവാചകന്റെ ഉമിനീര് കൊണ്ട് രോഗം മാറ്റിയ സംഭവങ്ങള്‍ ഹദീസുകളില്‍ ഉണ്ട്. പ്രസവിച്ചയുടനെ കുട്ടികളെ പ്രവാചകന്റെ അടുത്ത് കൊടുത്തയക്കും. പ്രവാചകന്റെ വായില്‍ നിന്നും ചവച്ച ഈന്തപ്പഴത്തിന്റെ മധുരം കുട്ടികളുടെ വായിലേക്ക് വെച്ച് കൊടുക്കുന്നതുമൊക്കെ പതിവായിരുന്നു. അതിന് പ്രത്യേക പവിത്രതയുണ്ടായിരുന്നുവെന്നും”- കാന്തപുരം പറഞ്ഞു. ഖലീല്‍ ബുഖാരി തങ്ങള്‍, ഹകീം അസ്ഹരി തുടങ്ങിയവരും ചടങ്ങില്‍ പ്രസംഗിച്ചു.
അതേസമയം, പ്രവാചകന് മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെയും മതത്തിന്റെ പവിത്രമായ മൂല്യങ്ങളെയും അപമാനിക്കുന്ന പ്രസ്താവനകളില്‍ നിന്ന് കാന്തപുരവും അദ്ദേഹത്തിന്റെ അനുയായികളും പിന്മാറണമെന്ന് ഐഎസ്എം സംസ്ഥാന കമ്മിറ്റി. ‘പ്രവാചകന്റെ മുടി വളരുന്നു’ എന്ന പേരില്‍ നടത്തിയ പ്രസ്താവനകള്‍ കളവും വഞ്ചനയും മാത്രമല്ല, മതത്തിന്റെ പേരില്‍ നടക്കുന്ന ആത്മീയ കച്ചവടത്തിന്റെ ഭാഗവുമാണ്. ചരിത്രത്തിന്റെയോ മതപ്രമാണങ്ങളുടെയോ യാതൊരു പിന്തുണയും ഇല്ലാത്ത ഇത്തരം വാദങ്ങള്‍ വിശ്വാസികളുടെ പ്രവാചകസ്നേഹം ചൂഷണം ചെയ്യാനുള്ള ശ്രമം മാത്രമാണെന്ന് ഐ.എസ്.എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.






