Breaking NewsKeralaLead NewsNEWS

മുകേഷടക്കം വീണ്ടും എയറിലേക്ക്; രാഹുലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസിന്റെ ചെക്ക്; സമ്മര്‍ദത്തിലായി സിപിഎം

തിരുവനന്തപുരം: ഗുരുതര ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ സസ്‌പെന്‍ഡുചെയ്ത കോണ്‍ഗ്രസ് നടപടി സിപിഎമ്മിലും സമ്മര്‍ദമുണ്ടാക്കും. സിപിഎം എംഎല്‍എമാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴൊന്നും ഇത്രയും കടുപ്പത്തിലൊരു നടപടി സ്വീകരിച്ചിരുന്നില്ല. മറ്റെതേങ്കിലും പാര്‍ട്ടികള്‍ ഇങ്ങനെയൊരു നടപടിയെടുത്തിട്ടുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോടു ചോദിച്ചതും ഈ ആത്മവിശ്വാസത്തിലായിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ എം. മുകേഷ് എംഎല്‍എയ്‌ക്കെതിരേ ഉയര്‍ന്നതാണ് ഏറ്റവുമൊടുവില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം. മുകേഷിനെതിരേ കേസും അറസ്റ്റുമൊക്കെ ഉണ്ടാവുകയും സിപിഐ നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയുമൊക്കെ ചെയ്‌തെങ്കിലും സിപിഎം നടപടിയെടുത്തില്ല. രാജിവെച്ചശേഷം ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ എംഎല്‍എ പദവിയില്‍ തിരിച്ചെത്തിക്കാനുള്ള അവസരമില്ലെന്നായിരുന്നു അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം.

Signature-ad

ഒന്നാം പിണറായി സര്‍ക്കാറിന്റെകാലത്ത് എ.കെ. ശശീന്ദ്രനെതിരേ ആരോപണംവന്നപ്പോള്‍ മന്ത്രിസഭയില്‍നിന്നു മാറ്റിയതല്ലാതെ, എംഎല്‍എസ്ഥാനം രാജിവെച്ചിരുന്നില്ല. വീണ്ടും മന്ത്രിയാവുകയും ചെയ്തു. അദ്ദേഹം മുന്നണിയിലെ മറ്റൊരു പാര്‍ട്ടിയിലെ നേതാവാണെന്ന് സിപിഎമ്മിനു വാദിച്ചുനില്‍ക്കാം. പക്ഷേ, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടേതെന്നപേരില്‍ ശബ്ദരേഖ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോഴും സിപിഎം ഒരു നടപടിക്കും മുതിര്‍ന്നില്ല. ഇപ്പോഴത്തെ ആരോപണങ്ങളില്‍ രാഹുലിന്റെ രാജി സിപിഎം ആവശ്യപ്പെട്ടാല്‍ സ്വന്തം എംഎല്‍എമാര്‍ക്കെതിരേ എന്തുനടപടി സ്വീകരിച്ചെന്ന ചോദ്യം സിപിഎം നേരിടേണ്ടിവരും.

കോണ്‍ഗ്രസിലാവട്ടെ, എം. വിന്‍സെന്റിനും എല്‍ദോസ് കുന്നപ്പള്ളിക്കുമെതിരേ ലൈംഗികാരോപണം ഉയര്‍ന്നപ്പോഴും എംഎല്‍എസ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തിയിരുന്നില്ല. രാഹുലിനെപ്പോലെ പൂര്‍ണമായി മാറ്റിനിര്‍ത്തിയിട്ടുമില്ല.

Back to top button
error: