കണ്ണൂരിലെ വീട്ടില്‍നിന്ന് 30 പവനും നാലുലക്ഷം രൂപയും കാണാതായി; മരുമകള്‍ കര്‍ണാടകയില്‍ കൊല്ലപ്പെട്ട നിലയില്‍; കാമുകന് അറസ്റ്റില്‍

കണ്ണൂര്‍: കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദര്‍ഷിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന കാമുകന് കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.
ലോഡ്ജില്‍വച്ചു ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്പിച്ചു കൊല്ലുകയും ചെയ്തതായി പൊലീസ് പറയുന്നു.
വെള്ളിയാഴ്ച രാവിലെയാണു കല്യാട്ടെ വീട്ടില്‍നിന്നു മകള്‍ അരുന്ധതിയുമൊത്ത് ദര്‍ഷിത സ്വന്തം നാടായ കര്‍ണാടകയിലെ ഹുന്‍സൂര്‍ ബിലിക്കരെയിലേക്കു പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണവിവരം അറിയുന്നത്.
ദര്‍ഷിതയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്താണ്. കല്യാട്ടെ വീട്ടില്‍ ദര്‍ഷിതയ്ക്കൊപ്പം ഭര്‍തൃമാതാവ് സുമതയും ഭര്തൃസഹോദരന് സൂരജുമാണ് താമസം. ഇരുവരും രാവിലെ പണിക്കുപോയി. ദര്‍ഷിതയാണ് അവസാനം വീടുപൂട്ടി ഇറങ്ങിയത്. വൈകിട്ട് പണികഴിഞ്ഞു സുമത തിരിച്ചെത്തിയപ്പോഴാണു കവര്‍ച്ച നടന്നതായി അറിയുന്നത്.






