Breaking NewsKeralaLead NewsNEWS

ഉടനടി നടപടി! മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു; എംഎല്‍എ ആയി തുടരും

തിരുവനന്തപുരം: ആരോപണങ്ങള്‍ക്ക് പിന്നാലെ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാര്‍ട്ടി. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. രാഹുലിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ പാര്‍ട്ടി അന്വേഷണം ഉണ്ടായേക്കില്ല. നടപടി സസ്‌പെഷനില്‍ മാത്രമായി ഒതുങ്ങും.

ഇനിമുതല്‍ പാര്‍ട്ടിയുടേയോ മുന്നണിയുടേയോ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അംഗമായിരിക്കില്ല. എം.എല്‍.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാല്‍ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പില്‍ കണ്ടാണ് പാര്‍ട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളില്‍ രാഹുല്‍ പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായി ഉണ്ടാകില്ല.

Signature-ad

രാഹുല്‍ രാജിവെക്കുമെന്ന അഭ്യൂഹങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ പ്രതിരോധിച്ച് നില്‍ക്കാനായിരുന്നു രാഹുലിന്റെ ശ്രമം. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ രാഹുലിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഹുലിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം കേട്ട ശേഷം മാത്രം തുടര്‍നടപടി മതി എന്ന നിലപാടിലാണ് നേതൃത്വം. ബിജെപി ആഗ്രഹിക്കുന്ന ഉപതിരഞ്ഞെടുപ്പാണെന്നിരിക്കെ, അതിനവസരം ഒരുക്കിക്കൊടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടി ഉണ്ടാക്കുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ലൈംഗികാരോപണത്തില്‍ കുരുങ്ങിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിലെ മുതിര്‍ന്നനേതാക്കളെല്ലാം കൈവിട്ടിരുന്നു. ഞായറാഴ്ച വനിതാനേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ എംഎല്‍എസ്ഥാനം രാജിവെക്കാന്‍ രാഹുലിനുമേല്‍ സമ്മര്‍ദമേറുകയായിരുന്നു.

രാഹുല്‍ ഒരുനിമിഷംമുന്‍പ് രാജിവെച്ചാല്‍ അത്രയുംനല്ലതെന്ന് ഉമാ തോമസ് എംഎല്‍എയും മുഖ്യധാരാരാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കണമെന്ന് ഷാനിമോള്‍ ഉസ്മാനും പറഞ്ഞു. പരാതികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പ്രവര്‍ത്തകസമിതിയംഗം രമേശ് ചെന്നിത്തല വ്യക്തമാക്കിയപ്പോള്‍ അടിയന്തരമായി രാജിവെക്കണമെന്നായിരുന്നു വി.എം. സുധീരന്റെ ആവശ്യം. വി.ഡി. സതീശനും കടുത്ത എതിര്‍പ്പിലാണ്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വ്യക്തമാക്കി.

ഇവിടെത്തന്നെ തീരുമാനമെടുക്കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെങ്കില്‍ നിയമനടപടിയുള്‍പ്പെടെ രാഹുലിന്റെ പ്രതികരണം ഉണ്ടാകാത്തതെന്താണെന്നാണ് ഹൈക്കമാന്‍ഡ് ചോദിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: