കെ.എസ്.യു. സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട പെണ്‍കുട്ടിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ചു മതം പറഞ്ഞു പിന്മാറാന് പ്രേരിപ്പിച്ചു; 21-ാം നൂറ്റാണ്ടിലും എംഎഎസ്എഫിന് നേരം വെളുത്തിട്ടില്ല; മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. ജില്ലാ സെക്രട്ടറി

കണ്ണൂര്‍: കണ്ണൂരില്‍ എം.എസ്.എഫിനെതിരെ കെ.എസ്.യു. എം.എസ്.എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തിക്കണ്ണിയെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി സി.എച്ച്. മുബാസ് ഫെയ്സ്ബുക്കില്‍. പേരിന്റെ തുടക്കത്തിലെ മതത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നു.
പാനൂര്‍ എം.എം. കോളേജില്‍ കെ.എസ്.യു സ്ഥാനാര്‍ഥിയാകേണ്ട യുവതിയെ പള്ളിക്കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞ് പിന്മാറാന് പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. എം.എസ്.എഫ് മതം പറഞ്ഞ് വിദ്യാര്‍ഥികളെ വേര്‍തിരിക്കുകയാണെന്നും കാമ്പസില്‍ നിന്ന് അകറ്റണമെന്നും സി.എച്ച്. മുബാസ് ഫെയ്സ്ബുക്കില്‍ പറയുന്നു. എം.എസ്.എഫിന് മൃഗീയ ഭൂരിപക്ഷമുള്ള കോളേജില്‍ കെ.എസ്.യുവിനെ മത്സരിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ചില ഇത്തിക്കണികള്‍ കണ്ണൂരിന്റെ പല ഭാഗത്തായി തല പൊക്കിയിട്ടുണ്ട്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്കാരം നാടിന് ആപത്താണ്.
എംഎം കോളേജില്‍ കെ എസ് യൂ സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു അതില്‍ നിന്ന് പിന്മാറാന് പ്രേരിപ്പിച്ച ഈ സംഘടന ക്യാമ്പസുകളില്‍ വര്‍ഗീയ ചിന്തകളുടെ അപ്പസ്തോലന്‍ന്മാരായി പ്രവര്‍ത്തിക്കുകയാണ്. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്ച്ചപാടുകള്‍ക്ക് അനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത എംഎസ്എഫ് സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങള്‍ എറിയപ്പെടുന്ന കാലം അതി വിദൂരമല്ല. എംഎസ്എഫ് മത സംഘടന തന്നെയാണ് മുഖം മറച്ച് ക്യാമ്പസ്സില്‍ മതം പറഞ് വിദ്യാര്‍ത്ഥി സമൂഹത്തെ വേര് തിരിക്കുന്നവര്‍. കണ്ണൂരിലെ കാമ്പസില്‍നിന്ന് അകറ്റി നിര്‍ത്താം ഈ കൂട്ടരേ.
ഈ പോസ്റ്റ് ചര്‍ച്ചയായതിനു പിന്നാലെ മറ്റൊരു പോസ്റ്റുമായും സി.എച്ച് മുബാസ് രംഗത്തുവന്നു. അതിങ്ങനെ:
എംഎസ്എഫിനെ നെ വിമര്‍ശിച്ചാല്‍ അവരെ വര്‍ഗ്ഗീയവാദി ആക്കുന്ന നിങ്ങളും ആര്‍എസ്എസും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടെന്ന് തോന്നുന്നില്ല. നിങ്ങളുടെ മാതൃപ്രസ്ഥാനത്തിന്റെ കാഴ്ച്ചപ്പാടുകളും മൂല്യങ്ങളും തിരിച്ചറിയാന്‍ ഇന്നും നിങ്ങള്‍ക്ക് സാധിച്ചിട്ടില്ല. പാണക്കാട്ടെ പള്ളികാട്ടില്‍ നിങ്ങളൊന്ന് പോവണം. അവിടെ അന്തിയുറങ്ങുന്ന തങ്ങള്‍ മാരുടെ ചരിത്രം നിങ്ങളൊന്ന് പഠിക്കണം വര്‍ഗ്ഗീയ കലഹങ്ങള്‍ക്ക് കാരണമായേക്കാവുന്ന പല സംഭവങ്ങളിലും നാടിന്റെ മതേതരത്വ ചിന്തകള്‍ക്ക് ഒപ്പം നിന്ന ഹിന്ദുവിനെയും മുസല്‍മാനേയും ക്രിസ്ത്യാനിയെയും ചേര്‍ത്ത് പിടിച്ച ആ പരമോന്നത നേതാക്കളുടെ പാരമ്പര്യം പേറേണ്ട നിങ്ങള്‍ വര്‍ഗീയ ചിന്തകളുമായി വിദ്യാര്‍ത്ഥികളില്‍ തരംതിരിവ് സൃഷ്ടിക്കുമ്പോള്‍ അത് തുറന്ന് കാട്ടിയ എന്നെ വര്‍ഗ്ഗീയ വാദി ആക്കാനാണ് ശ്രമമെങ്കില്‍ അത് നിങ്ങള്‍ തുടര്‍ന്നോളൂ. സത്യം പറയുന്നത് ഞാനും തുടര്‍ന്ന് കൊണ്ടേയിരിക്കും…






