ഡല്‍ഹി മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ കടുത്ത നായ സ്നേഹി; കോടതി ഉത്തരവില്‍ അസ്വസ്ഥനായിരുന്നെന്ന് അമ്മ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചത് ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ രാജേഷ് സക്രിയ (41) എന്നയാളെന്ന് പോലീസ് അറിയിച്ചു. രാജേഷിനെ ചോദ്യംചെയ്ത് വരികയാണെന്നും ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. രാജേഷ് ഒരു നായസ്നേഹിയാണെന്നും തെരുവുനായകള്‍ക്ക് ഷെല്‍റ്റല്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിയില്‍ അസ്വസ്ഥനായിരുന്നുവെന്നും ഇയാളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. ഡല്‍ഹി എന്‍സിആറിലെ തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം അവന് ദേഷ്യത്തിലായിരുന്നു. അധികം വൈകാതെ ഡല്‍ഹിയിലേക്ക് പോയി. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് ഒന്നും അറിയില്ല.’ സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബന്ധുവിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സഹായം തേടിയാണ് 41-കാരനായ സക്രിയ പൊതുയോഗത്തിനെത്തിയതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ തന്റെ വസതിയില്‍ താമസക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള ‘ജന്‍സുന്‍വായ്’ യോഗത്തില്‍ പങ്കെടുക്കവേയാണ് മുഖ്യമന്ത്രി രേഖ ഗുപ്ത ആക്രമിക്കപ്പെട്ടത്.
ദൃക്സാക്ഷികള്‍ പറയുന്നതനുസരിച്ച്, രാജേഷ് ചില രേഖകളുമായി മുഖ്യമന്ത്രിയെ സമീപിച്ചു. സംഭാഷണത്തിനിടെ, അയാള്‍ ബഹളം വയ്ക്കുകയും മുഖ്യമന്ത്രിയെ ആക്രമിക്കുകയുമായിരുന്നു. രാജേഷ് മദ്യപിച്ചിരുന്നതായി ചില ദൃക്സാക്ഷികള്‍ അവകാശപ്പെട്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടന്നയുടന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടി. ഡല്‍ഹി പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്ബികെ സിങ് ആണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
അതേസമയം, ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംശയം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ എതിരാളികള്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്നും ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഡല്‍ഹി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി ആക്രമണത്തെ അപലപിച്ചു.






