Breaking NewsIndiaLead NewsNEWS

ആരിഫ് മുഹമ്മദ് ഖാന് നറുക്ക് വീഴുമോ? ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ബിജെപി യോഗം ഇന്ന്

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. വൈകിട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പുതിയ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. യോഗത്തിനിടെ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നീ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചേക്കും. സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

ബിജെപിയില്‍ നിന്നുള്ള നേതാവ് തന്നെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമെ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നഡ്ഡ, മറ്റ് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ബിജെപി നേതൃയോഗത്തില്‍ സംബന്ധിക്കും.

Signature-ad

മുന്‍ കേരള ഗവര്‍ണറും നിലവില്‍ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ, കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹലോട്ട്, സിക്കിം ഗവര്‍ണര്‍ ഓം മാത്തൂര്‍, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് തുടങ്ങിയവരുടെ പേരുകള്‍ പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക നല്‍കാനുള്ള അവസാന തീയതി ഈ മാസം 21 ആണ്. നാമനിര്‍ദ്ദേശപത്രിക നല്‍കുന്ന ദിവസം എന്‍ഡിഎയുടെ എല്ലാ മുഖ്യമന്ത്രിമാരോടും ഉപമുഖ്യമന്ത്രിമാരോടും ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. അന്നുതന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെത്തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാരും ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രണ്ട് സഭകളിലും കൂടി 781 അംഗങ്ങളാണുള്ളത്. 391 വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാകും.

 

 

 

Back to top button
error: