ഒരു സംശയം തിരുവനന്തപുരം കോപ്പറേഷൻ നമ്മളല്ലേ ഭരിക്കണത്: പിന്നെ എന്തടെ നമുക്ക് പിഴ: തലസ്ഥാനത്തെ ബിജെപി നേതാക്കൾ ബിജെപി ഭരിക്കുന്ന കോർപ്പറേഷൻ പിഴയിട്ടതിൽ അമ്പരക്കുന്നു : മോദിയെ സ്വീകരിക്കാൻ പൊതുസ്ഥലത്ത് കൊടികളും ബാനറുകളും സ്ഥാപിച്ച ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം പിഴയിട്ട കോർപ്പറേഷൻ ഭരണ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ മുറുമുറുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ സിപിഎം ഭരിക്കുമ്പോൾ പോലും ഇങ്ങനെ ഉണ്ടായിട്ടില്ലല്ലോ എന്നാണ് തിരുവനന്തപുരത്തെ ബിജെപി ജില്ലാ കമ്മിറ്റിയിലെ നേതാക്കൾ ചിന്തിക്കുന്നത്. തങ്ങൾ ഭരിക്കുന്ന കോർപ്പറേഷൻ അല്ലേ കുഴപ്പമൊന്നും ഉണ്ടാകില്ല എന്ന് കരുതിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ബിജെപി ജില്ലാ കമ്മിറ്റി തിരുവനന്തപുരമാകെ അലങ്കരിച്ച് ആഘോഷമാക്കിയത്.
പക്ഷേ തീരെ പ്രതീക്ഷിക്കാതെ ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ നിന്ന് ദാ വരുന്നു പിഴ അടയ്ക്കാൻ ഉള്ള നോട്ടീസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പൊതുസ്ഥലത്ത് അനുമതിയില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടികളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ എതിർപ്പും അമർഷവും രൂക്ഷം.
കോർപ്പറേഷൻ പ്രതിപക്ഷത്തിന് പറഞ്ഞു ചിരിക്കാൻ ഉള്ള വകയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് എന്ന് ബിജെപി ജില്ലാ കമ്മിറ്റിയിലെ പല അംഗങ്ങളും ചൂണ്ടിക്കാണിക്കുന്നു.
ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ നിന്ന് ഇത്തരമൊരു നീക്കം തീർത്തും അപ്രതീക്ഷിതമായിരുന്നു എന്ന് നേതൃത്വവും പറയുന്നു.
കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയുടെ മേയർ പോലും അറിയാതെയാണോ ഇത്തരത്തിൽ ഒരു പിഴ അടയ്ക്കൽ നോട്ടീസ് വന്നതെന്ന് പാർട്ടിക്കുള്ളിൽ ചോദ്യം വന്നിട്ടുണ്ട്.
മുഖം നോക്കാതെ നടപടിയെടുക്കും എന്ന ക്ലീൻ ഇമേജ് സൃഷ്ടിക്കാൻ ആണോ ഈ നാടകം എന്ന ചോദ്യവും പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്
ഇപ്പോഴത്തെ സാഹചര്യത്തിൽ പിഴ അടക്കാതെ വേറെ മാർഗ്ഗം ഇല്ലാത്തതുകൊണ്ട് പാർട്ടി ജില്ലാ കമ്മിറ്റിക്ക് ഇത് അടച്ചേ മതിയാകൂ. ഏതെങ്കിലും തരത്തിൽ ഇളവ് കിട്ടാനുള്ള നിയമ സാധ്യതകളും പാർട്ടി നേതൃത്വം നിയമ വിദഗ്ധരുമായി ചർച്ചചെയ്യുന്നുണ്ട്.
അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകൾ നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് ബിജെപി തന്നെ ഭരിക്കുന്ന കോര്‍പ്പറേഷന്‍, പാര്‍ട്ടി സിറ്റി ജില്ലാ പ്രസിഡന്റിന് പിഴയടക്കാന്‍ നോട്ടീസ് അയച്ചത്.
നടപ്പാതകള്‍ക്ക് കുറുകെയും ഡിവൈഡറുകളിലും വരെ പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്‍ അടങ്ങിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയാണ് ഉയർന്നത്. ഇതേ തുടർന്നാണ് നടപടികൾ ഉണ്ടായത്.
ഇതോടെ ഇവ രണ്ട് മണിക്കൂറിനുള്ളില്‍ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്‍പറേഷന്‍ കത്ത് നല്‍കി. എന്നാല്‍ നടപ്പാതയ്ക്ക് കുറുകെ സ്ഥാപിച്ച ബോര്‍ഡുകള്‍ മാത്രമാണ് മാറ്റിയത്. കാര്യമായ ഇടപെടല്‍ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല.
തുടര്‍ന്ന്, വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം വരെയുള്ള റോഡില്‍ സ്ഥാപിച്ച ബോര്‍ഡുകളുടെ കണക്കെടുക്കുകയും കോര്‍പറേഷന്‍ സെക്രട്ടറി പിഴ നോട്ടീസ് നല്‍കുകയുമായിരുന്നു.
ആദ്യ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ നോട്ടീസ് അയക്കും. ഇതിനും മറുപടിയില്ലെങ്കില്‍ രണ്ടുതവണ ഹിയറിങ് നടത്തണം. ഇതിലും പങ്കെടുത്തില്ലെങ്കില്‍ റവന്യു വകുപ്പ് ജപ്തി നടപടികളിലേക്ക് കടക്കും.
ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചെടുത്ത ശേഷം ആദ്യമായി തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നടത്തിയ അലങ്കാരങ്ങളാണ് ഇപ്പോൾ പിഴ ഒടുക്കുന്നതിലേക്ക് ബിജെപിയെ എത്തിച്ചിരിക്കുന്നത്.
പാർട്ടിക്കേറ്റ ഈ കനത്ത ക്ഷീണം എങ്ങനെ മറികടക്കണം എന്ന ചിന്തയിലാണ് നേതൃത്വം.






