തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: പരാതികള്‍ ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട് പൊളിച്ചടുക്കി കെ.പി. രാജേന്ദ്രന്‍; പ്രാഥമിക പട്ടിക വന്നപ്പോള്‍ മുതല്‍ നല്‍കിയത് അഞ്ചിലേറെ പരാതികള്‍; എല്ലാം വാങ്ങിവച്ചു; ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ പേരിലും ചേര്‍ത്തു 10 വോട്ട്

തൃശൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ക്രമക്കേടിനെക്കുറിച്ചു തൃശൂരില്‍നിന്നു പരാതികള്‍ ലഭിച്ചില്ലെന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട് വസ്തുതാവിരുദ്ധമെന്നു സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രന്‍. കമ്മീഷന്‍ പരാതികള്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ കൈയിലുണ്ട്. ഫ്‌ലാറ്റുകളും വീടുകളും കേന്ദ്രീകരിച്ചു വ്യാജവോട്ടുകള്‍ ചേര്‍ക്കുന്നെന്ന സൂചന കിട്ടിയപ്പോള്‍തന്നെ 2024 മാര്‍ച്ച് 25ന് പരാതി നല്‍കി.
ക്രമക്കേടുകളെക്കുറിച്ചു ഫ്‌ളാറ്റുകളിലെത്തി നേരിട്ടു പരിശോധിച്ചു. ബൂത്ത് ലെവല്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചൂണ്ടിക്കാട്ടി. 2024 ഏപ്രില്‍ 25ന് വീണ്ടും പരാതി നല്‍കി. വോട്ടെടുപ്പു ദിനമായ 26ന് ക്രമവിരുദ്ധമായ വോട്ടുകള്‍ ഉള്‍പ്പെടുത്തിയ പട്ടികയാണ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നത്. പാര്‍ട്ടിയുടെ പോളിംഗ് ഏജന്റുമാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ഹരിശ്രീ സ്‌കൂളിലെ ബൂത്തുകളില്‍ വോട്ടു ചെയ്യാനെത്തിയവര്‍ക്കു മടങ്ങിപ്പോകേണ്ടിവന്നു. ക്രമക്കേടിനെക്കുറിച്ച് അന്നു വൈകീട്ട് തെരഞ്ഞെടുപ്പു കമ്മീഷനും വരണാധികാരിയായ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.
27നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ മുഖ്യ നിരീക്ഷക വിളിച്ചുകൂട്ടിയ യോഗത്തിലും ക്രമക്കേടിനെക്കുറിച്ചു ബോധ്യപ്പെടുത്തി. ഇടയ്ക്കു നടന്ന നാലഞ്ചു യോഗങ്ങളിലും ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയതിനു രേഖയുണ്ട്. ക്രമക്കേടുകളെക്കുറിച്ച് മേയ് 25ന് കളക്ടറേറ്റില്‍വച്ച് എന്റെ മൊഴിയും രേഖപ്പെടുത്തി. പരാതികള്‍ രേഖപ്പെടുത്തിയതിന്റെയും കൈപ്പറ്റിയതിന്റെയും രേഖകള്‍ കൈയിലുണ്ടെന്നും തരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാട വസ്തുതാ വിരുദ്ധമാണെന്നും പുതുതായി വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വീണ്ടും പരാതി നല്‍കുമെന്നും കെ.പി. രാജേന്ദ്രന്‍ പറഞ്ഞു.
ബിജെപി ഓഫീസ് കേന്ദ്രീകരിച്ചും കള്ളവോട്ട്
തൃശൂര്‍: പാര്‍ലമെന്റ്് തെരഞ്ഞെടുപ്പിനുവേണ്ടി ബിജെപി ഓഫീസ് കേന്ദ്രീകരിച്ചും കള്ളവോട്ടുകള്‍ ചേര്‍ത്തെന്നു സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. സുനില്‍ കുമാര്‍. ബിജെപിയുടെ പഴയ ജില്ലാ കമ്മിറ്റി ഓഫീസായ ദീന്‍ദയാല്‍ സ്മൃതി മന്ദിരത്തില്‍ മാത്രം പത്തു വോട്ടുകള്‍ ചേര്‍ത്തു. ബൂത്ത് നന്പര്‍ 42ല്‍ പി.എന്‍. നിഖില്‍, കെ.കെ.ബിജു, പി.എല്‍. ബിനില്‍, സി. ഗോപകുമാര്‍, സൈബാസ്റ്റ്യന്‍ വൈദ്യര്‍, അരുണ്‍ സി. മോഹന്‍, കെ.പി. സുരേഷ് കുമാര്‍, സുശോഭ്, കെ. സുനില്‍ കുമാര്‍, വി.ആര്‍. രാജേഷ് എന്നിവരെയാണു ചേര്‍ത്തത്.
ഇതില്‍ രണ്ടു വോട്ടുകള്‍ ഒഴികെ വീട്ടുനമ്പര്‍ ഇല്ല. പകരം ദീന്‍ദയാല്‍ മന്ദിര്‍ എന്നാണു വോട്ടര്‍ പട്ടികയിലുള്ളത്. സ്വന്തം പാര്‍ട്ടി ഓഫീസിന്റെ വിലാസത്തില്‍തന്നെയാണു ചേര്‍ത്തിരിക്കുന്നത്. ഇവരാരും ഇവിടെ സ്ഥിരതാമസക്കാരല്ല. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മലപ്പുറം തിരൂര്‍ സ്വദേശിയായ വി. ഉണ്ണികൃഷ്ണന് തൃശൂര്‍ ജില്ല വൈസ് പ്രസിഡന്റിന്റെ വീട്ടുവിലാസത്തിലായിരുന്നു വോട്ട്. തൃശൂര്‍ പൂരം കലക്കലില്‍ നേതൃത്വം നല്‍കിയ ഉണ്ണിക്കൃഷ്ണന്‍ വോട്ടര്‍പട്ടിക കലക്കാനും നേതൃത്വം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമമായും നീതിരഹിതവുമായി നിര്‍മിച്ച വോട്ടര്‍പട്ടിക ഉപയോഗിച്ചാണ് ബിജെപി വിജയം കൈവരിച്ചത്. അതിനാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടര്‍പട്ടിക റദ്ദാക്കണമെന്നും വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.






