കുവൈത്ത് വിഷമദ്യ ദുരന്തം: 13 പേര്‍ മരിച്ചു, കാഴ്ച നഷ്ടമായത് 21 പേര്‍ക്ക്; 40 ഇന്ത്യക്കാര്‍ ചികിത്സയില്‍; ഹെല്പ് ലൈന്‍ നമ്പറുമായി എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവര്‍ മുഴുവന്‍ ഏഷ്യക്കാരാണ്. 63 പേരാണ് ചികിത്സ തേടിയത്. 40 ഇന്ത്യക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ചിലര്‍ അത്യാഹിത നിലയിലാണെന്നും അധികൃതര്‍ അറിയിച്ചു. എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് +965-65501587 നമ്പരില്‍ ബന്ധപ്പെടാം.
വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 31 പേര്‍ വെന്റിലേറ്ററുകളില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. ഇവരില്‍ 21 പേരുടെ കാഴ്ച ശക്തി പൂര്‍ണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുണ്ട്. 51 പേരെ അടിയന്തര ഡയാലിസിസ് നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇവര്‍ ഏത് രാജ്യത്ത് നിന്നുള്ള ആളുകളാണെന് കൃത്യമായി പറയാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
സംഭവത്തില്‍ കുവൈത്ത് അധികൃതര്‍ അന്വേഷണം ആരംഭിച്ചിരുന്നു. വ്യാജ മദ്യം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മദ്യം നിര്‍മ്മിച്ച സ്ഥലങ്ങളില്‍ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരണമടഞ്ഞവരുടെയും ചികിത്സയില്‍ തുടരുന്നവരുടെയും കുടുംബങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് വേണ്ടി ഹെല്പ് ലൈന്‍ നമ്പര്‍ സ്ഥാപിച്ചതായി എംബസി അറിയിച്ചു. +965-65501587 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി വ്യക്തമാക്കി.സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതിയും മറ്റ് എംബസി ഉദ്യോഗസ്ഥരും ആശുപത്രികള്‍ സന്ദര്‍ശിച്ചു.
വിഷ മദ്യ ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ ചികിത്സയ്ക്കായി ആശുപത്രികളുമായും കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് ലഭ്യമായ വിവരം. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികള്‍ മദ്യം വാങ്ങിയത്. മറ്റുള്ള പ്രവാസികള്‍ക്കൊപ്പം റൂമുകളില്‍ ഇരുന്ന് പലരും ഈ മദ്യം കുടിച്ചു. അതിനു ശേഷം പലര്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടതായതോടെ തൊട്ടടുത്തുള്ള പ്രവാസികളെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഇവരെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. ഫര്‍വാനിയ, അദാന്‍ ആശുപത്രികളില്‍ ആണ് ഇവരെ പ്രവേശിപ്പിച്ചത്.
ആദ്യ ഘട്ടത്തില്‍ 10 പേര്‍ മരിച്ചു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ പക്ഷെ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇന്നലെ രാത്രിയിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് ഇറക്കിയത്.






