അയ്യപ്പനെ അധിക്ഷേപിക്കുന്ന പോസ്റ്റ്: രഹന ഫാത്തിമയ്ക്കെതിരെ അന്വേഷണം തുടരും; പൊലീസ് വാദം തള്ളി കോടതി

പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്ന പരാതിയില്‍ രഹന ഫാത്തിമയ്ക്കെതിരായ കേസിന്റെ അന്വേഷണം താല്‍ക്കാലികമായി നിര്‍ത്താനുള്ള പൊലീസ് നീക്കത്തിനു തടയിട്ട് കോടതി. ശബരിമല അയ്യപ്പനെ അധിക്ഷേപിക്കുന്ന സമൂഹമാധ്യമ പോസ്റ്റിനെതിരായ പരാതിയില്‍ തുടരന്വേഷണം നടത്തി നടപടിയെടുക്കാന്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമായില്ലെന്നാണു പൊലീസ് വാദിച്ചത്. ഇതിനെതിരെ പരാതിക്കാരന്‍ ഈ മാസം തുടക്കത്തില്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. 2018ലെ സമൂഹമാധ്യമ കുറിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതിന്റെ മാതൃ കമ്പനിയില്‍ നിന്നു ലഭ്യമായില്ലെന്ന വാദം കോടതി തള്ളി. അന്വേഷണം അവസാനിപ്പിക്കാന്‍ ഇതു മതിയായ കാരണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം മാര്‍ച്ചിലാണ് വിവരങ്ങള്‍ ലഭിച്ചില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോനാണു പരാതിക്കാരന്‍. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് 2018 ഒക്ടോബറില്‍ സുപ്രീം കോടതി വിധി വന്നപ്പോള്‍ രഹന മതവികാരം വ്രണപ്പെടുത്തും വിധം ചിത്രം പോസ്റ്റ് ചെയ്തതിനാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്.






