അനാശാസ്യം മാത്രമല്ല റമീസിനെതിരെ വേറെയും കേസുകള്‍; പ്രതിയുടെ പിതാവ് വിവാഹം ചെയ്തതും ഇതരമതസ്ഥയെ; അച്ഛന്‍ മരിച്ച് 40-ാം നാള്‍ മകളും…

എറണാകുളം: കോതമംഗലം കറുകടത്ത് 23 വയസ്സുള്ള ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. പറവൂര്‍ ആലങ്ങാട് പാനായിക്കുളം തോപ്പില്‍പറമ്പില്‍ റമീസ് (24) ആണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനും മര്‍ദിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യക്കുറിപ്പില്‍ റമീസ് മതംമാറ്റത്തിന് നിര്‍ബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റര്‍ മാര്യേജിനെന്ന വ്യാജേന തന്നെ റമീസിന്റെ വീട്ടിലെത്തിച്ച് മതംമാറിയാല്‍ കല്യാണം നടത്തിത്തരാമെന്ന് വീട്ടുകാരെക്കൊണ്ട് പറയിപ്പിച്ചെന്നും ഇതിനു വഴങ്ങാത്ത തന്നോട് റമീസും വീട്ടുകാരും ക്രൂരത തുടര്‍ന്നെന്നും കുറിപ്പിലുണ്ട്.
യുവതിയെ റമീസിന്റെ വീട്ടില്‍ പൂട്ടിയിട്ടശേഷം മതംമാറണം എന്നാവശ്യപ്പെട്ട് മര്‍ദിച്ചതായി യുവതിയുടെ സുഹൃത്ത് ബന്ധുക്കളോട് പറഞ്ഞു. റമീസിനൊപ്പം മാതാപിതാക്കളും റമീസിന്റെ സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞതായി യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. മതംമാറ്റിയെടുക്കുക മാത്രമായിരുന്നു റമീസിന്റെ ലക്ഷ്യമെന്നും യുവതിയുടെ മാതാവ് പറഞ്ഞു.
മതംമാറാന്‍ യുവതി ആദ്യം തയ്യാറായിരുന്നു. എന്നാല്‍, റമീസിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ യുവതി മതംമാറില്ലെന്ന തീരുമാനത്തിലെത്തി. അനാശാസ്യ പ്രവര്‍ത്തനത്തിന് റമീസ് പിടിയിലായിട്ടും താന്‍ ക്ഷമിച്ചതായും യുവതിയുടെ കുറിപ്പിലുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. മരിക്കുംമുന്‍പ് ആത്മഹത്യക്കുറിപ്പ് റമീസിന്റെ മാതാവിന് യുവതി ഫോണില്‍ അയച്ചുകൊടുത്തിരുന്നു. അവര്‍ അറിയിച്ചതനുസരിച്ച് യുവതിയുടെ മാതാവ് വീട്ടില്‍ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ആലുവയിലെ കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് റമീസും യുവതിയും പ്രണയത്തിലാകുന്നത്. വിവാഹം നടത്താനും വീട്ടുകാര്‍ ധാരണയിലെത്തിയതാണ്. പിന്നീടുണ്ടായ സംഭവങ്ങളാണ് യുവതിയുടെ ആത്മഹത്യയിലെത്തിയത്. മതംമാറ്റ ആരോപണത്തില്‍ പോലീസ് അന്വേഷണം നടത്തിവരുകയാണ്. സത്യമെന്നുതെളിഞ്ഞാല്‍ റമീസിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വീടിനുള്ളില്‍ പൂട്ടിയിട്ടു മര്‍ദിച്ചുവെന്ന ആരോപണത്തില്‍ റമീസിന്റെ മാതാപിതാക്കളെയും സുഹൃത്തുക്കളെയും പോലീസ് ചോദ്യംചെയ്യും. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.
യുവതിയുടെ കുടുബത്തില്‍ മൂന്ന് മാസത്തിനുള്ളിലെ രണ്ടാമത്തെ ദുരന്തമാണിത്. പിതാവ് കഴിഞ്ഞ മേയ് 12ന് കോതമംഗലത്തെ കുരൂര്‍തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്പന്റെ മരണം യുവതിയെ തളര്‍ത്തിയിരുന്നു. കോതമംഗലത്തെ ഒരു വീട്ടിലെ ജോലിക്കാരിയാണ് അമ്മ. ജ്യേഷ്ഠന്‍ ബേസില്‍ ഇതേ വീട്ടിലെ ഡ്രൈവറാണ്.
പാനായിക്കുളത്തെ വീടിനടുത്ത് ആരുമായും അധികം സൗഹൃദം പുലര്‍ത്താത്തയാളാണ് അറസ്റ്റിലായ റമീസ്. ഇയാളുടെ പിതാവ് റഹിമും ക്രിസ്ത്യാനിയായിരുന്ന മാതാവ് ഷെറിയും പ്രേമിച്ച് വിവാഹിതരായതാണ്. പറവൂര്‍ വെടിമറയിലെ തറവാട്ടില്‍ നിന്ന് 20 വര്‍ഷം മുമ്പ് പാനായിക്കുളത്തേക്ക് താമസം മാറി. ഇറച്ചി, കോഴിക്കച്ചവടമാണ് റഹിമിന്. പാനായിക്കുളത്ത് രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ ബീഫ് സ്റ്റാള്‍ നോക്കി നടത്തിയത് റമീസായിരുന്നു. ഇത് പൂട്ടിയതിനെ തുടര്‍ന്ന് ജോലിയൊന്നുമില്ലാതായി.
വെടിമറയിലെ ബന്ധുക്കളായ യുവാക്കളുമായി മാത്രം സൗഹൃദം. അനാശാസ്യ കേസ് കൂടാതെ മദ്യപിച്ച് വാഹനമോടിച്ചതിന് ബിനാനിപുരം സ്റ്റേഷനില്‍ രണ്ട് കേസുകളുമുണ്ട്. പാനായിക്കുളത്തും പരിസരത്തുമായി മൂന്ന് ഇറച്ചിക്കടകള്‍ നടത്തുകയാണ് പിതാവ് റഹീം. പാനായിക്കുളത്തെ പഴയവീടിനോട് ചേര്‍ന്നാണ് ഒരു കട. അടുത്തിടെ മില്ലുപടി ബസ് സ്റ്റോപ്പിലെ ഗോഡൗണിന് സമീപം പുതിയ വീട് വാങ്ങി താമസം ഇവിടെയാക്കി. പാനായിക്കുളത്തെ ഇവരുടെ ഒരു കടയില്‍ നിന്ന് രണ്ടുവര്‍ഷം മുമ്പ് കഞ്ചാവ് പിടികൂടിയിട്ടുണ്ട്. വിവാഹിതയായ സഹോദരിയുണ്ട്.






