Breaking NewsCrimeLead NewsNEWS

സ്ഥിരം ക്രിമിനല്‍, പൊലീസെത്തുമെന്ന കണക്കുകൂട്ടലില്‍ നാടുവിട്ടു; ഒളിച്ചത് മലമുകളിലെ സ്വന്തം താവളത്തില്‍; സ്വന്തം കുഞ്ഞിനോട് തരിമ്പും സ്‌േനഹമില്ലാത്ത അന്‍സാര്‍, ഒത്താശയുമായി രണ്ടാം ഭാര്യയും

ആലപ്പുഴ: ചാരുംമൂട് ആദിക്കാട്ടുകുളങ്ങരയില്‍ നാലാംക്ലാസുകാരിയായ മകളെ മര്‍ദിച്ച സംഭവത്തില്‍ പിടിയിലായ അന്‍സര്‍ സ്ഥിരംക്രിമിനല്‍. കഞ്ചാവുകേസിലടക്കം ഇയാള്‍ പ്രതിയാണെന്നും ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2016 ല്‍ കാര്‍ യാത്രികരെ മര്‍ദിക്കുന്നതു തടയാനെത്തിയ പൊലീസുകാരെ ഉള്‍പ്പെടെ മര്‍ദിച്ചതിന് അന്‍സാര്‍ ഉള്‍പ്പെട്ട സംഘത്തിനെതിരെ കേസുണ്ട്. 2018 ല്‍ അടൂരില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി ഒരു ദിവസം മുഴുവന്‍ മര്‍ദിച്ച കേസില്‍ ഇയാള്‍ പ്രതിയാണ്. 2023 ല്‍ ശുചിമുറി മാലിന്യം തള്ളിയതു ചോദ്യം ചെയ്തതിനു പഞ്ചായത്തംഗത്തെ വീട്ടില്‍ കയറി ആക്രമിച്ചു. ഇതേവര്‍ഷം 2.75 കിലോഗ്രാം കഞ്ചാവുമായി അടൂരില്‍ വച്ചു പൊലീസിന്റെ പിടിയിലുമായി. 2025 ജനുവരി 13ന് 6.5 കിലോഗ്രാം കഞ്ചാവുമായി ഏനാത്തു നിന്നും പിടിയിലായിരുന്നു. ഈ കേസില്‍ 3 മാസത്തോളം ജയിലില്‍ കിടന്നു. പുറത്തിറങ്ങിയ ശേഷമാണു കുട്ടിക്കെതിരെ മര്‍ദനമുണ്ടായത്.

അതേസമയം, കുട്ടിയെ മര്‍ദിച്ച വിവരം പുറത്തറിഞ്ഞതിനു പിന്നാലെ പൊലീസെത്തുമെന്ന കണക്കുകൂട്ടലില്‍ നാടുവിട്ട അന്‍സാറിനെ പൊലീസ് പിടിച്ചതു മലമുകളില്‍ നിന്ന്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയില്‍ പഴകുളം കൂരമ്പാല റോഡിനു സമീപത്തെ കടമാങ്കുളം കുന്നിലാണ് അന്‍സാര്‍ ഒളിച്ചിരുന്നത്. സംഭവത്തില്‍ നൂറനാട് പൊലീസ് കഴിഞ്ഞ ആറിനാണു കേസെടുക്കുന്നത്. സംഭവം വാര്‍ത്തയായതോടെ കുട്ടിയുടെ പിതാവ് അന്‍സാറും രണ്ടാംഭാര്യ ഷെഫീനയും ഫോണ്‍ ഓഫാക്കി ഒളിവില്‍പോയി.

Signature-ad

ഇരുവരുടെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇവര്‍ ബന്ധപ്പെട്ട എല്ലാവരെയും നേരില്‍കണ്ടു ചോദ്യം ചെയ്തു. അന്‍സാറിന്റെ ഒരു സുഹൃത്തില്‍ നിന്നാണ് പ്രതികള്‍ ഒരു വീട്ടില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചത്. ഇവിടെയെത്തിയപ്പോള്‍ വീട് അടച്ചിട്ടിരിക്കുകയാണെങ്കിലും അന്‍സാര്‍ സ്ഥലത്ത് ഉണ്ടായിരുന്നെന്നു സ്ഥിരീകരിച്ചു. ഇതേസമയം ഷെഫീനയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്‍സാറിന്റെ സുഹൃത്തിനെ പിടികൂടിയതോടെ ഷെഫീനയെ ബന്ധുവീട്ടിലും അന്‍സാറിനെ കടമാങ്കുളത്തും എത്തിച്ചെന്നു വിവരം ലഭിച്ചു.

പൊലീസ് വെള്ളിയാഴ്ച വൈകിട്ടു നാലോടെ കടമാങ്കുളത്ത് എത്തിയെങ്കിലും അന്‍സാര്‍ കടന്നുകളയാനുള്ള സാധ്യത കണക്കിലെടുത്തു പിന്‍വാങ്ങി. അഞ്ചരയോടെ കൊല്ലം ചക്കുവള്ളിയിലെ ബന്ധുവീട്ടില്‍ നിന്നു ഷെഫീനയെ അറസ്റ്റ് ചെയ്തു. തുടര്‍ന്നു രാത്രി എട്ടരയോടെ കടമാങ്കുളം കുന്നിലേക്കു പൊലീസ് കയറി. ഭക്ഷണവുമായി കൂട്ടുകാരെത്തുന്നതു കാത്തിരിക്കുകയായിരുന്നു അന്‍സാര്‍. പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ചെങ്കിലും വളഞ്ഞിട്ടു പിടിച്ചു. കുന്നിനു മുകളിലെ പൊളിഞ്ഞ വീട് അന്‍സാര്‍ ഉള്‍പ്പെടെയുള്ള ലഹരി സംഘങ്ങളുടെ താവളമാണ്. മൂന്നു ദിവസത്തോളം നീണ്ട അന്വേഷണത്തിലാണു പ്രതികളെ പിടികൂടാനായത്.

അതിനിടെ, കുട്ടിയോട് അന്‍സാറിനും ഷെഫിനയ്ക്കും സ്‌നേഹമുണ്ടായിരുന്നില്ലെന്നാണ് ഇരുവരുടെയും സംസാരത്തില്‍ നിന്നു മനസ്സിലായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാലനീതി വകുപ്പ് പ്രകാരം കുട്ടിയെ ദേഹോപദ്രവം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണു ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 3 വര്‍ഷംവരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

 

 

Back to top button
error: