Breaking NewsCrimeLead NewsNEWS

മതം മാറാന്‍ നിര്‍ബന്ധിച്ചു, കാമുകന്റെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചു; കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

എറണാകുളം: കോതമംഗലത്ത് 23 കാരിയുടെ മരണത്തില്‍ യുവാവാവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. പറവൂര്‍ സ്വദേശി റമീസും കുടുംബവും കല്യാണത്തിന് മതം മാറണമെന്ന് നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചുവെന്നുമാണ് ആരോപണം. കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല കടിഞ്ഞുമ്മല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോന (23) ശനിയാഴ്ചയാണ് ജീവനൊടുക്കിയത്.

മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാര്‍ഥിനിയായിരുന്നു സോന. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ സോനയെ കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയില്‍ സംസ്‌കാരം നടത്തി. സഹോദരന്‍: ബേസില്‍.

Signature-ad

ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുക്കുമെന്നു കോതമംഗലം പൊലീസ് പറഞ്ഞു. അതേസമയം, കോളജ് കാലത്ത് ഇരുവരുംതമ്മില്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം ആലോചിച്ചെത്തിയപ്പോള്‍ മതം മാറണമെന്ന് യുവാവിന്റെ കുടുംബം ആവശ്യപ്പെട്ടെന്നും സോനയുടെ സഹോദരന്‍ പറഞ്ഞു.

”മതംമാറാന്‍ അവള്‍ തയാറായിരുന്നു. അച്ഛന്‍ മരിച്ച് 40 ദിവസം മാത്രമേ ആയിരുന്നുള്ളൂ. അതുകൊണ്ട് ഒരു വര്‍ഷം കഴിഞ്ഞ് വിവാഹം നടത്താമെന്ന് ഞങ്ങള്‍ പറഞ്ഞു. പിന്നെ ഇവനെ അനാശാസ്യത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം ലോഡ്ജില്‍നിന്നു പിടിച്ചിരുന്നു. ഇതറിഞ്ഞതോടെ ഇനി മതം മാറാനില്ലെന്നും പക്ഷേ, ഇഷ്ടമാണെന്നും അവള്‍ പറഞ്ഞു. ഇനി റജിസ്റ്റര്‍ മാര്യേജ് ചെയ്താല്‍ മതിയെന്നാണ് അവള്‍ പറഞ്ഞത്. കൂട്ടുകാരിയുടെ വീട്ടിലേക്കു പോകുകയാണെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ അവളെ ആലുവയില്‍ റജിസ്റ്റര്‍ മാര്യേജ് ചെയ്യാമെന്നു പറഞ്ഞ് കബളിപ്പിച്ചാണ് അവന്‍ കൂട്ടിക്കൊണ്ടുപോയത്.

അവന്റെ വീട്ടില്‍ക്കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിച്ചു. മതംമാറാന്‍ പൊന്നാനിക്ക് കൊണ്ടുപോകാന്‍ കാര്‍ റെഡി ആക്കിയിട്ടിരിക്കുകയാണെന്നു പറഞ്ഞായിരുന്നു മര്‍ദനം. പൊന്നാനിയില്‍ ചെന്ന് രണ്ടുമാസം കഴിഞ്ഞേ റജിസ്റ്റര്‍ മാര്യേജ് ഉള്ളൂവെന്നും മതംമാറാതെ പറ്റില്ലെന്നും ഇവന്‍ പറഞ്ഞു. ഇവന്റെ വാപ്പയും ഉമ്മയും പെങ്ങളും കൂട്ടുകാരും അവിടെയുണ്ടായിരുന്നു. പൊലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. സോനയുടെ മരണശേഷം റമീസും മറ്റുള്ളവരും ബന്ധപ്പെട്ടിട്ടില്ല.

സോന ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് ഈ കുറിപ്പ് റമീസിന്റെ അമ്മയ്ക്ക് അയച്ചുകൊടുത്തിരുന്നു. അവര്‍ എന്റെ അമ്മയെ വിളിച്ച് നിങ്ങളുടെ മകള്‍ക്ക് ഭ്രാന്താണ് അവള്‍ അയച്ചിരിക്കുന്നത് കണ്ടില്ലേ എന്നൊക്കെയാണ് ചോദിച്ചത്. ജോലിസ്ഥലത്തുനിന്ന് അമ്മ ഓട്ടോയില്‍ എത്തിയപ്പോഴേക്കും സോന മരിച്ചിരുന്നു” ബേസില്‍ പറഞ്ഞു.

 

Back to top button
error: