ബ്രേക്കിനു പകരം ചവിട്ടിയത് ആക്‌സിലേറ്ററില്‍; കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി, 4 പേരുടെ നില ഗുരുതരം, ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേര്‍ക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരം. തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാര്‍ ഇടിച്ചു കയറിയത്. പരുക്കേറ്റവരില്‍ രണ്ടുപേര്‍ ഓട്ടോഡ്രൈവര്‍മാരും രണ്ടുപേര്‍ കാല്‍നടയാത്രക്കാരുമാണ്. ഒരു ഓട്ടോ ഡ്രൈവര്‍ക്ക് നിസ്സാര പരുക്കേറ്റു.
ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. നിയന്ത്രണംവിട്ട കാര്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറിയാണ് അപകടം ഉണ്ടായത്. വട്ടിയൂര്‍ക്കാവ് സ്വദേശി എ.കെ വിഷ്ണുനാഥാണ് (25) കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സുണ്ട്. ഒപ്പം ഇയാളുടെ അമ്മാവനാണ് കാറില്‍ ഉണ്ടായിരുന്നത്. ബ്രേക്ക് ചവിട്ടുന്നതിനു പകരം ആക്സിലറേറ്റര്‍ ചവിട്ടിയതാകാം അപകടകാരണമെന്ന് സ്ഥലത്തെത്തിയ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അജിത് കുമാര്‍ അറിയിച്ചു. ഡ്രൈവിങ് പരിശീലനത്തിനിടെയാണ് അപകടമെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തില്‍ നടപ്പാതയില്‍ നിന്നിരുന്ന ഓട്ടോ ഡ്രൈവര്‍മാരായ കുറ്റിച്ചല്‍ സ്വദേശി സുരേന്ദ്രന്‍ (50), ആയിരുപാറ സ്വദേശി കുമാര്‍ (42), അഴീക്കോട് സ്വദേശി ഷാഫി (40) എന്നിവര്‍ക്കും ആശുപത്രിയില്‍നിന്ന് ഓട്ടോയില്‍ കയറാനെത്തിയ ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ കാര്‍ ആളുകളേയും ഓട്ടോറിക്ഷകളും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും ശരീരത്തില്‍ ഒടിവുകളുണ്ട്. തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നാലു പേരെയും ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ശ്രുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.






