Breaking NewsLead NewsPravasi

സ്വദേശിവല്‍ക്കരണം: ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശങ്ക വേണ്ട: എല്ലാ ഉറപ്പും ഈ ഉടമ്പടിയില്‍ ഉണ്ട്

മസ്‌കറ്റ്: ഇന്ത്യ-ഒമാന്‍ വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വരുന്നു. ഇരു രാജ്യങ്ങളിലെയും ഉല്‍പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്നതിന് പുറമെ തന്നെ ഈ കരാര്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ഗള്‍ഫ് മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യം ഉറപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

വ്യാപാരത്തിന് പുതിയ സാധ്യതകള്‍

Signature-ad

ഇന്ത്യയില്‍ നിന്നുള്ള ഇരുമ്പ്, സ്റ്റീല്‍, ഇലക്ട്രോണിക്‌സ്, തുണിത്തരങ്ങള്‍, പ്ലാസ്റ്റിക്, വാഹന ഘടകങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഒമാന്‍ അഞ്ച് ശതമാനം വരെ നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇത് ഒമാനിലെ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് കൂടുതല്‍ മത്സരശേഷി നല്‍കും. ഇത് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതികള്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കും. അതുപോലെ, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഗള്‍ഫ് വിപണിയിലേക്ക് കടന്നുചെല്ലാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഊര്‍ജ്ജ സുരക്ഷയും നിക്ഷേപവും

ഇന്ത്യയുടെ വിശ്വസ്ത എണ്ണ, എല്‍എന്‍ജി, രാസവള വിതരണക്കാരാണ് ഒമാന്‍. ഈ ഇറക്കുമതികള്‍ക്ക് നികുതിയിളവ് ലഭിക്കുന്നത് ഇന്ത്യയിലെ റിഫൈനറികള്‍ക്കും വൈദ്യുതി ഉല്‍പാദകര്‍ക്കും കര്‍ഷകര്‍ക്കും സഹായകമാകും, അതുവഴി ഉല്‍പാദനച്ചെലവ് കുറയ്ക്കാന്‍ സാധിക്കും. ഈ കരാര്‍ ഒമാനില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള നിക്ഷേപം ഇന്ത്യയിലെ തുറമുഖങ്ങള്‍, വ്യാവസായിക ഇടനാഴികള്‍, ലോജിസ്റ്റിക്‌സ് ഹബുകള്‍ തുടങ്ങിയ മേഖലകളിലേക്ക് ആകര്‍ഷിക്കാനും സാധ്യതയുണ്ട്.

ഉറപ്പ് തൊഴില്‍ നഷ്ടപ്പെടില്ല

ഒമാനിലെ തൊഴില്‍ മേഖലയില്‍ ഒമാന്‍ പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്ന ‘ഒമാനൈസേഷന്‍’ നയമുണ്ടെങ്കിലും 4.8 ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ തൊഴിലവസരങ്ങള്‍ സംരക്ഷിക്കാനുള്ള പ്രത്യേക വ്യവസ്ഥകള്‍ ഇന്ത്യ ഈ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ തൊഴിലാളികളുടെ വരുമാനവും അവരുടെ കുടുംബങ്ങളിലേക്കുള്ള പണത്തിന്റെ ഒഴുക്കും സുരക്ഷിതമാക്കാന്‍ സഹായിക്കും.

തന്ത്രപരമായ പ്രാധാന്യം

ലോകത്തെ 20 ശതമാനം എണ്ണ ഗതാഗതവും നടക്കുന്ന ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഒമാന്റെ സ്ഥാനം ഈ കരാറിന് തന്ത്രപരമായ പ്രാധാന്യം നല്‍കുന്നു. പുതിയ വ്യാപാര കരാര്‍ പ്രതിരോധം, സമുദ്ര സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ സഹായിക്കും. കൂടാതെ ചൈനയുടെ സ്വാധീനം വര്‍ധിച്ചുവരുന്ന ഗള്‍ഫ് മേഖലയില്‍ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായി ഉയര്‍ത്താനും ഈ കരാറിന് സാധിക്കും.

അതേസമയം കരാര്‍ പൂര്‍ണ തോതില്‍ വിജയിക്കുന്നതിന് ചില വെല്ലുവിളികളും നേരിടേണ്ടിവരും. കസ്റ്റംസ്, നിയന്ത്രണ നടപടികള്‍ ഏകീകരിക്കുന്നതിനും, ഫാര്‍മസ്യൂട്ടിക്കല്‍, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും, തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഇന്ത്യ-ഒമാന്‍ വ്യാപാര കമ്മി കുറയ്ക്കുന്നതിനായി, ഇലക്ട്രോണിക്‌സ്, യന്ത്രസാമഗ്രികള്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കേണ്ടതും ആവശ്യമാണ്.

Back to top button
error: