ഒറ്റത്തവണ മൂന്ന് ലിറ്റര്‍, ഓണ്‍ലൈന്‍ മദ്യവില്പനയ്ക്ക് ബെവ്കോ; താത്പര്യം പ്രകടിപ്പിച്ച് സ്വിഗ്ഗിയടക്കം ഓണ്‍ലൈന്‍ ഡെലിവറി കമ്പനികള്‍; തിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയാല്‍ കുപ്പി കൈയിലെത്തും

തിരുവനന്തപുരം: ആപ്പിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ. ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയായ സ്വിഗ്ഗി പദ്ധതിയോട് താല്പര്യം അറിയിച്ചിട്ടുണ്ട്.
ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പ് വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ബെവ്കോ. മൂന്ന് വര്‍ഷമായി ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാരിനു ശുപാര്‍ശ നല്‍കുന്നുണ്ട്. അനുകൂല തീരുമാനം ഉണ്ടായാല്‍ വാതില്‍പ്പടി മദ്യവിതരണം ആരംഭിക്കുമെന്നും ബെവ്കോ അറിയിച്ചു.
23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം മദ്യം നല്‍കാനാണ് ശുപാര്‍ശ. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നോക്കി ഇക്കാര്യം ഉറപ്പാക്കും. ഒരു തവണ മൂന്നു ലിറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം. മദ്യം ഓര്‍ഡര്‍ ചെയ്തു കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ഒഴിവാക്കാന്‍ മദ്യം വാങ്ങുന്നതിനു പരിധി നിശ്ചയിക്കും. കൂടുതല്‍ വിതരണ കമ്പനികള്‍ രംഗത്തെത്തിയാല്‍ ടെന്‍ഡര്‍ വിളിക്കും. മദ്യ വിതരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം വിതരണ കമ്പനിക്കായിരിക്കും.
കോവിഡ് കാലത്ത് മദ്യം ഓണ്‍ലൈനിലൂടെ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തിരക്ക് ഒഴിവാക്കാന്‍ ആപ്പിലൂടെയായിരുന്നു ബുക്കിങ്. ഇതിനുശേഷം വാതില്‍പ്പടി മദ്യവിതരണം ആലോചിച്ചെങ്കിലും ചര്‍ച്ചകള്‍ മുന്നോട്ടുപോയില്ല. സര്‍ക്കാരും വേണ്ടത്ര താല്പര്യം കാണിച്ചില്ല.
തമിഴ്നാട് ഉൾപ്പടെയുള്ള സമീപ സംസ്ഥാനങ്ങളിൽ 4000 -ത്തിലധികം ബിവറേജസ് ഔട്ട്ലെറ്റുകളുള്ളപ്പോഴും 500-ൽ താഴം മാത്രം ബെവ്കോ ഔട്ട്ലെറ്റുകളാണ് കേരളത്തിലുള്ളത്. ഇതാണ് ബെവ്കോ ഔട്ട്ലെറ്റുകളിലും ബിവറേജസ് ഔട്ട്ലെറ്റുകളിലും തിരക്കേറാൻ കാരണമെന്ന് കണ്ടെത്തൽ. തിക്കും തിരക്കും മറികടക്കാൻ ഓൺലൈൻ ഡെലിവറിയിലൂടെ ആകുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടൽ.
ബിവറേജസ് ഔട്ട്ലെറ്റുകളില് മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ കേരള ബിവറേജസ് കോര്പ്പറേഷന് ഏര്‍പ്പെടുത്തിയ വെബ്സൈറ്റായ booking.ksbc.co.in അടച്ചതിനുശേഷം തുറന്നിട്ടില്ല. താത്കാലികമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്.
സാങ്കേതികമായ അപ്ഡേഷനു വേണ്ടിയാണ് വെബ്സൈറ്റ് താത്കാലികമായി അടച്ചതെന്നാണ് ബെവ്കോയുടെ വിശദികരണമങ്കിലും വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിലയില്‍ തിരിമറി നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് വെബ്സൈറ്റ് അടച്ചതെന്നാണ് വിവിരം. ഇക്കാര്യം ഒരു സൈബര്‍ സെക്യൂരിറ്റി വിദഗ്ദന് ചൂണ്ടിക്കാണിക്കുകയും ഇക്കാര്യം ഔട്ട്ലെറ്റില് എത്തി തെളിയിക്കുകയും ചെയ്തിരുന്നു. യുപിഎ ആപ്ളിക്കേഷന്‍ വഴി വെബ്സൈറ്റില്‍ പണമടയ്ക്കുമ്പോള്‍ ഹാക്ക് ചെയ്ത് തുകയില്‍ മാറ്റം വരുത്താന്‍ കഴിയുമെന്നാണ് കണ്ടെത്തിയത്.
പണമടയ്ക്കാനും മദ്യം വാങ്ങാനും ബെവ്കോയില്‍ രണ്ട് വ്യത്യസ്ത കൌണ്ടറുകളാണുള്ളത്. വെബ്സൈറ്റ് വഴി മദ്യം ബുക്ക് ചെയ്ത് പണമടച്ചാല്‍ ഫോണില്‍ ഒരു എസ്.എം.എസ് ലഭിക്കും. ഇതുമായി ഔട്ട്ലെറ്റില് എത്തിയാല്‍ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. എന്നാല്‍ 0.1 ശതമാനം ആള്ക്കാര് മാത്രമെ ഒരുദിവസം ഇത്തരത്തില്‍ മദ്യം വാങ്ങാന്‍ എത്തുന്നുള്ളു. എസ്എംഎസില്‍ എത്ര രൂപ അടച്ചെന്നു കാണിക്കില്ല. ബുക്കിംഗ് നടത്തി എന്നത് മാത്രമെ അറിയാന്‍ കഴിയു. ഔട്ട്ലെറ്റില് എത്തി എസ്.എം.എസ് കാണിക്കുമ്പോള്‍ തുക പരിശോധിക്കാതെ ജീവനക്കാര്‍ മദ്യം നല്കിയാല് പ്രശ്നമാകാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. Fbevco-proposes-online-liquor-delivery-kerala






