Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഇന്ത്യയെ വിലക്കിയപ്പോള്‍ കീശ കീറി; വ്യോമപാത അടച്ചതിലൂടെ പാകിസ്താന് രണ്ടുമാസം നഷ്ടം 127 കോടി; വ്യോമഗതാഗതത്തില്‍ 20 ശതമാനം ഇടിവ്

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വ്യോമപാത അടച്ച നടപടിയില്‍ പാക്കിസ്താന്റെ കീശ കീറിയെന്നു റിപ്പോര്‍ട്ട്. രണ്ടുമാസം ഇന്ത്യയ്ക്കുള്ള വ്യോമപാത അടച്ചിട്ടതിലൂടെ മാത്രം 127 കോടി രൂപയോളമാണ് നഷ്ടം സംഭവിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 30 വരെയാണ് പാക് ആകാശപാത ഇന്ത്യയ്ക്ക് വിലക്കിയത്.

പാക് പ്രതിരോധമന്ത്രാലയമാണ് ഈ കണക്കുകള്‍ പാക്കിസ്താന്‍ നാഷനല്‍ അസംബ്ലിയില്‍ അറിയിച്ചത്. സാമ്പത്തിക നഷ്ടങ്ങള്‍ക്ക് പുറമെ വരുമാനത്തില്‍ ഗണ്യമായ ഇടിവാണ് ഉണ്ടായതെന്നും പാക് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കേണ്ട സമയങ്ങളില്‍ സാമ്പത്തിക നഷ്ടം കണക്കിലെടുത്ത് പിന്നോട്ട് പോകാനില്ലെന്ന ന്യായീകരണമാണ് മന്ത്രാലയം നിരത്തുന്നതും.

Signature-ad

അതിര്‍ത്തി കടന്നുള്ള പാക് ഭീകരവാദത്തില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായതിനെ തുടര്‍ന്നാണ് 1960 ലെ സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കിയത്. ഇതിന് പിന്നാലെ എല്ലാ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും പാക്കിസ്താന്‍ തങ്ങളുടെ ആകാശപാത വിലക്കി. സിന്ധു നദിയിലെ ജലത്തെ തൊട്ടുള്ള നടപടി യുദ്ധസമാനമെന്നും പാക്കിസ്താന്‍ ആരോപിച്ചിരുന്നു.

ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമപാത വിലക്കിയതിന് പിന്നാലെ പാക്കിസ്താന്‍ വഴിയുള്ള വ്യോമ ഗതാഗതത്തില്‍ 20 ശതമാനത്തോളമാണ് ഇടിവ് ഉണ്ടായത്. 2019 ലും സമാന സാഹചര്യത്തിലുണ്ടായ ആകാശപാത അടയ്ക്കലില്‍ പാക്കിസ്താന് 235 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഓഗസ്റ്റ് 23 വരെയാണ് ഇന്ത്യ പാക്കിസ്താനുള്ള വ്യോമപാത വിലക്ക് നീട്ടിയിരിക്കുന്നത്. പാക്കിസ്താന്‍ ഈ മാസം അവസാനം വരെയും വ്യോമപാത വിലക്ക് നീട്ടിയിട്ടുണ്ട്. pakistan-lost-127-crores-after-closing-airspace-to-india

SUBSCRIBE YOUTUBE CHANNEL

Back to top button
error: