‘അമ്മാവന്‍’ അന്നേ ഉഡായിപ്പ്; പതിനേഴാം വയസ്സില്‍ ബന്ധുക്കളെ കൊല്ലാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു; അന്‍പതാം വയസ്സില്‍ വിവാഹം…

ആലപ്പുഴ: മൂന്നു സ്ത്രീകളുടെ തിരോധാനക്കേസില്‍ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്‍ (അമ്മാവന്‍) 17ാം വയസ്സില്‍ ബന്ധുക്കള്‍ക്കു ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വധിക്കാന്‍ ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മ (ജെയ്ന്‍ മാത്യു 54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്റ്യനെ അറസ്റ്റ് ചെയ്തത്. സ്വത്തിനും സ്വര്‍ണത്തിനുമായി സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
കുടുംബ ഓഹരി വീതം വച്ചതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്റെ കുടുംബവും പിതൃസഹോദരന്റെ കുടുംബവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വിരോധത്തിലാണ് സെബാസ്റ്റ്യന്‍ പിതൃസഹോദരന്റെ വീട്ടിലെത്തി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത്. ഭക്ഷണം കഴിച്ച മൂന്നു പേര്‍ അവശനിലയില്‍ ആശുപത്രിയിലായെന്നു സെബാസ്റ്റ്യന്റെ അയല്‍വാസികള്‍ പറയുന്നു. അന്ന് ഇതു സംബന്ധിച്ചു പൊലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ സെബാസ്റ്റ്യന്റെ ഒരു ബന്ധു കഴിഞ്ഞ ദിവസം ഈ സംഭവുമായി ബന്ധപ്പെട്ടു പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
സൗമ്യനെന്നു തോന്നുമെങ്കിലും പകതോന്നിയാല്‍ പലവഴികളിലൂടെ ആക്രമിക്കുന്നതാണ് ഇയാളുടെ സ്വഭാവം. എസ്എസ്എല്‍സിവരെ പഠിച്ച ഇയാള്‍, പഠനശേഷം സ്വകാര്യ ബസില്‍ ക്ലീനറായും ടാക്സി ഡ്രൈവറായും ജോലിചെയ്തു. അതുവഴിയാണ് വാഹന-വസ്തു വില്‍പ്പന ഇടനിലക്കാരനായത്. ആദ്യം ഒരു അംബാസഡര്‍ കാറും പിന്നീട് പഴയ ഇന്നോവയും സ്വന്തമാക്കി. അപ്പോഴെല്ലാം പണം പലിശയ്ക്കും നല്‍കിയിരുന്നു. കടത്തിലായവരെ പണംനല്‍കി സഹായിച്ച് അവരുടെ ഭൂമിയും സ്വന്തമാക്കിയിരുന്നു.
50-ാം വയസ്സിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയുമായുള്ള വിവാഹം. ശേഷം ഏറ്റുമാനൂരിലായിരുന്നു സെബാസ്റ്റ്യന്റെ താമസം. എന്നാല്‍, പകലും പല രാത്രികളിലും പള്ളിപ്പുറത്തെ വീട്ടിലെത്തുമായിരുന്നു. വിവാഹം കഴിഞ്ഞ് നാലാംവര്‍ഷമാണ് ആണ്‍കുട്ടി ജനിച്ചത്. ഭാര്യയും മകനും ഏതാനും ദിവസം മാത്രമേ പള്ളിപ്പുറത്തെ വീട്ടില്‍ താമസിച്ചിട്ടുള്ളൂ. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട് ഇപ്പോഴും പിതാവ് മാത്യുവിന്റെ പേരിലാണെന്നും സമീപവാസികള്‍ പറയുന്നു.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയലും രണ്ടു ചെരുപ്പുകളും കണ്ടെത്തിയിരുന്നു. സെബാസ്റ്റ്യന്റെ സുഹൃത്ത് ചേര്‍ത്തല ശാസ്താംകവല സ്വദേശി റോസമ്മ (70)യുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിന്റെ ഷെഡിലും പരിശോധന നടത്തി. റോസമ്മയെ ചേര്‍ത്തല പൊലീസ് ചോദ്യം ചെയ്തു. വീടിനോ ഭൂമിക്കടിയിലോ ഉള്ള വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ (ജിപിആര്‍) ഉപയോഗിച്ചായിരുന്നു പരിശോധന.






