Breaking NewsKeralaLead NewsNEWS

മെസി കേരളത്തില്‍ വരില്ലെങ്കില്‍ മറ്റ് എവിടെയും വരില്ല; കൊണ്ടുവരാന്‍ പണം അടച്ചു; ഇനി വന്നില്ലെങ്കില്‍ കരാര്‍ ലംഘനം, നിയമനടപടി; അര്‍ജന്റീനയ്ക്ക് മുന്നറിയിപ്പുമായി റിപ്പോര്‍ട്ടര്‍ ടിവി എംഡി

കൊച്ചി: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും സെക്രട്ടറിയുമായിട്ടായിരുന്നു എഗ്രിമെന്റ് വെച്ചിരുന്നതെന്നും നൂറ് കോടി മുതല്‍ മുടക്കിയുള്ള ഇവന്റാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ഇതനുസരിച്ച് പണം നല്‍കി. അത് അവര്‍ സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഈ വര്‍ഷം വരില്ലെന്നാണ് അവര്‍ അറിയിച്ചത്. 2026ലെ ലോകകപ്പിന് ശേഷം വരാം എന്നാണ് അവര്‍ അറിയിച്ചത്. അതിനോട് യോജിപ്പില്ല. മെസിയും സംഘവും വരികയാണെങ്കില്‍ ഈ വര്‍ഷം തന്നെ വരണം. അതേസമയം, ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ വരാന്‍ കഴിയില്ലെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

Signature-ad

നിയമത്തിന് അനുസരിച്ച് മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി പറഞ്ഞു. പണം വാങ്ങി വരാന്‍ കഴിയില്ലെന്ന് പറയുന്നത് ചീറ്റിങ്ങാണ്. പണം വാങ്ങുന്നതിന് മുന്നേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താം. എന്നാല്‍ പണം വാങ്ങി തീയതി ഉറപ്പിച്ച ശേഷം വരാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ല. മെസി വരുമെന്നും ഏഴ് ദിവസം ഇന്ത്യയില്‍ ഉണ്ടാകുമെന്നുമായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്. രണ്ട് മത്സരവും ഒരു ഫാന്‍ മീറ്റിംഗും പ്ലാന്‍ ചെയ്തിരുന്നു. ഏത് സ്റ്റേഡിയം എന്നതടക്കമുള്ള വിവരം നല്‍കിയിരുന്നു.

സ്റ്റേഡിയം എങ്ങനെയായിരിക്കുമെന്നതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ ഇവന്റായി മാറ്റാനാണ് തീരുമാനിച്ചിരുന്നത്. ഒരു കോടിയാളുകള്‍ എവിടെ പങ്കെടുക്കുമെന്നതടക്കമുള്ള വിവരങ്ങളും നല്‍കിയിരുന്നു. ഫിഫ വേള്‍ഡ് കപ്പ് മോഡല്‍ ഉദ്ഘാടമായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. കണ്‍ഫേര്‍മേഷന്‍ ലഭിച്ച് പൂര്‍ണമായും പണം അടച്ചു. എന്നാല്‍ ലോകകപ്പ് കഴിയട്ടെ എന്നായിരുന്നു അറിയിപ്പ് ലഭിച്ചത്. ലോകകപ്പ് കഴിയട്ടെ എന്ന് പറയുന്നതില്‍ ധാരണാ പ്രശ്നമുണ്ട്. വരാന്‍ പറ്റില്ലെങ്കില്‍ അത് പറയണം. മറ്റ് തലത്തില്‍ ചര്‍ച്ചകള്‍ നടത്താന്‍ പറഞ്ഞാല്‍ അതിന് തയ്യാറല്ല. പണം കൂടുതല്‍ വേണമെങ്കില്‍ അത് പറയണമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

കേരളത്തിന്റെ സാധ്യത അര്‍ജന്റീന ഫുട്ഫോള്‍ അസോസിയേഷന്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ടെന്നും വിലപേശല്‍ നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. ചില കമ്പനികളുമായി എഗ്രിമെന്റ് വെച്ചു എന്ന് പറയപ്പെട്ടിരുന്നു. അവരുമായി ചര്‍ച്ച നടത്തി. അവരും നമ്മുടെ അവസ്ഥയിലാണ്. പണം വാങ്ങുന്നതല്ലാതെ എഎഫ്എ അനൗണ്‍സ് ചെയ്യുന്നില്ല. കൊല്‍ക്കത്തയിലെ ഒരു കമ്പനിയുമായി ചര്‍ച്ച ചെയ്തിരുന്നു. മെസിയുടെ കൂടെ ഫോട്ടോയെടുക്കാനും ജഴ്സി ഒപ്പുവെയ്ക്കാനും ഒരു കോടി എണ്‍പത് ലക്ഷം രൂപയാണ് വാങ്ങുന്നത്. അങ്ങനെ നൂറ് പേരെ നോക്കിയാല്‍ എത്ര വരും. 180 കോടി. മെസിയും ടീമും ഡല്‍ഹി, ബോംബെ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വരുന്നു കേരളത്തില്‍ വരുന്നില്ല എന്ന രീതിയില്‍ പ്രചാരണം നടക്കുന്നുണ്ട്. മെസി കേരളത്തില്‍ വരില്ലെങ്കില്‍ മറ്റ് എവിടെയും വരില്ല എന്നതാണ് വാസ്തവം എന്നും ആന്റോ അഗസ്റ്റിന്‍ വ്യക്തമാക്കി .

പണമുണ്ടാക്കാനുള്ള മാര്‍ഗമായി റിപ്പോര്‍ട്ടര്‍ ടിവി ഇതിനെ കാണുന്നില്ലെന്നും അങ്ങനെയാണെങ്കില്‍ മെസിയെ മാത്രം കൊണ്ടുവന്നാല്‍ മതിയെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. മെസിയെ കൊണ്ടുവന്നാല്‍ മാത്രം കാര്യം നടക്കുമോ? കേരളത്തില്‍ കൊണ്ടുവന്ന് വേള്‍ഡ് കപ്പുപോലെ ഇവന്റ് നടത്തുക എന്നതാണ് ലക്ഷ്യം. അതിന് റിപ്പോര്‍ട്ടര്‍ ടിവിയെടുത്ത റിസ്‌കോ പണം അയച്ചതോ കാണാതെ എന്തോ വലിയ അപരാധം ചെയ്തതുപോലെയാണ്. പച്ചാളം ഭാസി വരുമെന്ന് പറഞ്ഞതുപോലെയായി എന്നാണ് പറയുന്നത്.

മാധ്യമങ്ങള്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയണം. മെസി വരില്ലെന്ന് ആരെങ്കിലും ഔദ്യോഗികമായി പറഞ്ഞോ? അവര്‍ കാര്യങ്ങള്‍ ഔദ്യോഗികമായി അറിയിക്കട്ടെ. റിപ്പോര്‍ട്ടര്‍ ടിവി എഗ്രിമെന്റ് വെച്ച കാലം മുതല്‍ മെസി വരില്ലെന്നാണ് പറയുന്നത്. നമ്മള്‍ എടുത്ത ഇനിഷ്യേറ്റീവിനെ ബഹുമാനിക്കണം. മെസിയും സംഘവും വരില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമമെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. മെസിയെ കൊണ്ടുവരാന്‍ മാക്സിമം ശ്രമിക്കും. അതിനുള്ള കാര്യങ്ങള്‍ ചെയ്യും. പണം വാങ്ങി കബളിപ്പിച്ചാല്‍ മുന്നോട്ടുപോകും. റിപ്പോര്‍ട്ടര്‍ ടിവിയേയും സര്‍ക്കാരിനേയും കബളിപ്പിച്ച് മുന്നോട്ട് പോകാം എന്ന് എഎഫ്എ കരുതേണ്ടെന്നും റിപ്പോര്‍ട്ടര്‍ ടിവി എംഡി കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: