‘പൊതു സുരക്ഷയ്ക്കു ഭീഷണി, ജീവിതത്തിന്റെ പവിത്രത നശിപ്പിച്ചു’; തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട രണ്ട് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പിടിക്കപ്പെട്ട 2 സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി. അബ്ദുല്‍ റഹിം ബിന്‍ ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖോര്‍മനി, ദുര്‍ക്കി ബിന്‍ ഹെലാല്‍ ബിന്‍ സനദ് അല്‍ മുതെയ്രി എന്നിവരെയാണ് വധിച്ചത്.
സുരക്ഷാ ജീവനക്കാരന് നേരെ വെടിയുതിര്‍ത്ത സംഭവത്തിലും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതിനും കൈവശം വച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ടായിരുന്നു. സൗദി പൊലീസിന്റെ പിടിയിലായ ഇരുവരെയും വിചാരണയ്ക്ക് ശേഷമാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മക്ക പ്രവിശ്യയിലാണ് വധശിക്ഷ നടപ്പാക്കിയത്. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും നീതി നടപ്പാക്കുന്നതിലും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൊതു സുരക്ഷയ്ക്കു ഭീഷണിയാകുന്നവരെയും ജീവിതത്തിന്റെ പവിത്രത നശിപ്പിക്കുന്നവരെയും ഇസ്ലാമിക നിയമ പ്രകാരം ശിക്ഷിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. തീവ്രവാദത്തിന്റെ ഭാഗമാകുന്നവര്‍ക്ക് ഇതാകും ശിക്ഷയെന്ന് ഓര്‍മിപ്പിക്കുകയാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.






