നിത്യഹരിതനായകന്റെ ഒറ്റപുത്രന്‍, അടിച്ചുപൊളിച്ച് നടന്ന ചെറുപ്പകാലം; പിതാവിനായി എടുത്ത തീരുമാനങ്ങള്‍ കരിയറില്ലാതാക്കി!

നിത്യഹരിതനായകന് പ്രേം നസീറിന്റെ മകനും നൂറോളം സിനിമകളിലൂടെയും അമ്പതില്‍ അധികം മിനിസ്ക്രീന്‍ പരമ്പരകളിലൂടെയും തിളങ്ങിയ നടനുമായ ഷാനവാസ് പ്രേംനസീര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളുമായി ചികിത്സയിലായിരുന്നു. എഴുപത്തിയൊന്ന് വയസായിരുന്നു. കുറച്ച് വര്‍ഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
കുറച്ച് വര്‍ഷങ്ങളായി എല്ലാത്തില്‍ നിന്നും അകന്ന് ശാന്തമായ ജീവിതം നയിക്കുകയായിരുന്നു നടന്. സംസ്കാരം ഇന്ന് വൈകിട്ട് തിരുവനന്തപുരം പാളയം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. ഒരു ഇതിഹാസത്തിന്റെ മകനായി മാത്രമല്ല സ്വന്തം നിലയില്‍ കഴിവുള്ള അഭിനേതാവായും പ്രേക്ഷകരിലേക്ക് എത്താന്‍ ഷാനവാസിന് കഴിഞ്ഞു. സൂപ്പര്‍സ്റ്റാറിന്റെ മകന് എന്ന ടാ?ഗ് തന്നെയാണ് ഷാനവാസിനേയും സിനിമയിലേക്ക് എത്തിച്ചത്.
എന്നാല്‍ സിനിമ ഷാനവാസിനെ തുണച്ചില്ല. സിനിമ പഴിക്കാതെ തന്റെ തീരുമാനങ്ങള്‍ തെറ്റായിപ്പോയി എന്നാണ് ഷാനവാസ് എന്നും പറഞ്ഞിട്ടുള്ളത്. പ്രേം നസീറിനെ വെച്ച് സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകര്‍ക്കൊപ്പമാണ് ഷാനവാസ് ഏറെയും സിനിമകള്‍ ചെയ്തത്. നായകനായും സഹനടനായും വില്ലനായുമെല്ലാം അഭിനയിച്ചു.
പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പിതാവിനൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് തന്നെ വീണ്ടും ഷാനവാസ് ഡേറ്റ് നല്‍കിയത്. അതിനുള്ള കാരണവും മുമ്പ് നല്കിയ അഭിമുഖങ്ങളില്‍ നടന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്റെ പിതാവിനെ വെച്ച് സിനിമകള്‍ ചെയ്തവര്‍ക്കൊപ്പം ഞാനും അഭിനയിച്ചിട്ടുണ്ട്. അവര്‍ എന്നെ കഥയുമായി സമീപിക്കുമ്പോള്‍ സെലക്ട് ചെയ്യാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.
അവിടെയാണ് എനിക്ക് മിസ്റ്റേക്ക് സംഭവിച്ച് തുടങ്ങിയത്. അദ്ദേഹത്തെ വെച്ച് സിനിമ എടുത്ത സംവിധായകരാണ് എന്റെ അടുത്തും വരുന്നത്. അവര്‍ വരുമ്പോള്‍ എനിക്ക് അറിയാം ഇത് പോരാത്ത ഡയറക്ടറാണെന്ന്. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും. ഞാന്‍ നോ പറഞ്ഞാല്‍ അവര്‍ ഉടനെ പറയും വാപ്പ അതൊന്നും ചെയ്തിട്ടില്ല. ഇവന് ഭയങ്കര ജാഡയാണെന്ന്. ആ സംസാരം ഒഴിവാക്കാന്‍ വേണ്ടി അവര്‍ സമീപിക്കുമ്പോള്‍ ഓക്കെ പറഞ്ഞ് ഞാന്‍ സിനിമ കമ്മിറ്റ് ചെയ്യും.
ആ പടം പൊട്ടുമെന്ന് എനിക്ക് അറിയാം. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. വരുന്ന പടങ്ങളെല്ലാം ഞാന്‍ സ്വീകരിക്കുമായിരുന്നു. ബാപ്പ ആരേയും വെറുപ്പിക്കാത്ത ആളാണ്. അതുകൊണ്ട് ഞാന്‍ കരുതി ഞാനും ആരെയും വെറുപ്പിക്കുന്നില്ലെന്ന്. പിന്നീട് അവര്‍ ഫീല്‍ഡില്‍ നിന്നും പോയി കൂട്ടത്തില്‍ ഞാന്‍ പോയി എന്നാണ് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത്.
ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് ഷാനവാസ് എത്തിയത്. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗര്‍ഭശ്രീമാന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ തുടങ്ങിയവയാണ് അതില്‍ നടന് അഭിനയിച്ച സിനിമകളില്‍ ചിലത്. അവസാനം പുറത്തിറങ്ങിയത് പൃഥ്വിരാജ് സിനിമ ജനഗണമനയാണ്.
അതേസമയം പ്രേംനസീര്‍ സൂപ്പര്‍സ്റ്റാറായി തിളങ്ങി നിന്ന കാലത്ത് ഷാനവാസിന്റെ ധൂര്‍ത്തടിച്ചുള്ള ജീവിതമായിരുന്നുവെന്ന് ആ സമയത്ത് തെന്നിന്ത്യന്‍ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. സിനിമയുടെ വിശേഷങ്ങളും നസീര്‍ സാറുടെ കാര്യവുമാെക്കെ പണ്ട് ആകാംക്ഷയോടെ ഞാന്‍ മേക്കപ്പ്മാന്മാരോടും മറ്റും ചോദിക്കുമായിരുന്നു. ഷാനവാസ് എന്താണിങ്ങനെ ആവാന്‍ കാരണമെന്ന് പലപ്പോഴും ഞാന്‍ ചോദിച്ചിട്ടുണ്ട്. അദ്ദേഹം സൂപ്പര്‍സ്റ്റാറായിരിക്കുമ്പോള്‍ മകന് ഈ പൈസ അടിച്ച് പൊളിക്കുകയായിരുന്നു.
സ്റ്റാലിനും എന്‍ടി രാമറാവുവിന്റെ മകനുമായിരുന്നു കമ്പനി. അവര്‍ വിലസി പൈസയെല്ലാം കളഞ്ഞു. സിനിമയിലേക്ക് താല്പര്യമില്ലാതായി എന്നാണ് ഒരിക്കല്‍ ഷാനവാസിനെ കുറിച്ച് സംസാരിക്കവെ നിര്‍മാതാവ് ബൈജു അമ്പലക്കര പറഞ്ഞത്. ഷാനവാസ് അടക്കം നാല് മക്കളായിരുന്നു പ്രേം നസീറിന്.






