പാലായില്‍ സ്‌കൂട്ടറുകള്‍ ഇടിച്ചു തെറിപ്പിച്ച് കാര്‍; യുവതികള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: പാലായില്‍ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ (35), മേലുകാവ് നല്ലംകുഴിയില്‍ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. പാലാ തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കല്‍ പള്ളിക്കു സമീപം രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജോമോളുടെ ഏകമകള്‍ അന്നമോള്‍ (12)ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലായില്‍നിന്ന് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്‌കൂട്ടറുകളെ ഇടിച്ചു തെറിപ്പിച്ചതെന്നാണ് വിവരം. സ്‌കൂട്ടര്‍ യാത്രക്കാര്‍ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്നു. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയായ അന്നമോളെ സ്‌കൂളില്‍ വിടാന്‍ പോകുകയായിരുന്നു ജോമോള്‍. ധന്യ പാലായിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ധന്യയുടെ മക്കള്‍: ശ്രീനന്ദന്‍, ശ്രീഹരി.






