Breaking NewsKeralaLead NewsNEWS

ഇനി ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുത്, സ്‌കൂളുകളിലെയും ആശുപത്രികളിലെയും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റും; നടപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ദുരന്ത നിവാരണ വകുപ്പിനാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. അടുത്തിടെ ബലഹീനമായ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണ് നിരവധി അപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം ചേര്‍ന്നത്.

പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേര്‍തിരിച്ച് നല്‍കണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പൊളിച്ചുമാറ്റിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതുക്കി പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണം. ഇതോടൊപ്പം അണ്‍ എയ്ഡഡ് സ്‌കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന നടത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Signature-ad

അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കും. ഇലക്ട്രിക് കാര്യങ്ങള്‍ പരിശോധിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍മാര്‍ ചേര്‍ന്ന പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: