Breaking NewsIndiaLead News

ഗതാഗതക്കുരുക്ക്: ആശുപത്രിയിലേക്ക് കരളുമായി മെട്രോയില്‍ യാത്ര; തുടര്‍ന്ന് അവിടെ കാത്തുനിന്ന ആംബുലന്‍സ് വഴി ആശുപത്രിയിലേയ്ക്ക്

ബംഗളൂരു: ബംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനെ മറികടന്ന് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരാശുപത്രിയിലേക്ക് കരള്‍ എത്തിക്കാനും മെട്രോ ട്രെയിന്‍. വൈറ്റ് ഫീല്‍ഡിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള രാജരാജേശ്വരീ നഗറിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് രോഗിക്ക് മാറ്റിവെക്കാനുള്ള കരള്‍ എത്തിച്ചത്.

ഒരു ഡോക്ടറും ഏഴ് നഴ്‌സുമാരും ചേര്‍ന്ന് കരള്‍ സുരക്ഷിതമായി ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ മെട്രോ സ്റ്റേഷനിലെത്തിച്ചു. ശേഷം സാധാരണ മെട്രോ ട്രെയിന്‍ സര്‍വീസിലായിരുന്നു യാത്ര. വെള്ളിയാഴ്ച രാത്രി 8:42 ന് യാത്ര തുടങ്ങിയ ട്രെയിന്‍ പര്‍പ്പിള്‍ ലൈന്‍ വഴി 9:48 ന് രാജരാജേശ്വരി നഗറിലെ മെട്രോ സ്റ്റേഷനിലെത്തി. തുടര്‍ന്ന് അവിടെ കാത്തുനിന്ന ആംബുലന്‍സ് വഴി ആശുപത്രിയിലെത്തിച്ചു.

Signature-ad

ശസ്ത്രക്രിയക്കായി കൃത്യസമയത്ത് കരള്‍ ആശുപത്രിയില്‍ എത്തിക്കാനായതായി ബംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു. വൈറ്റ് ഫീല്‍ഡ്, രാജരാജേശ്വരി നഗര്‍ മെട്രോ സ്റ്റേഷനുകളില്‍ കരളുമായി വരുന്ന ഡോക്ടറെയും നഴ്‌സുമാരെയും സ്വീകരിക്കാനും യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും തയ്യാറായിനിന്നിരുന്നു.

ബംഗളൂരു മെട്രോയില്‍ ഇതാദ്യമായാണ് ശസ്ത്രക്രിയക്കുള്ള അവയവങ്ങള്‍ കൊണ്ടുപോകുന്നത്. ബംഗളൂരു നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്നാണ് കരള്‍ കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ മെട്രോ യാത്ര തിരഞ്ഞെടുത്തത്.

Back to top button
error: