Breaking NewsIndiaLead News

അങ്ങനെ വിരട്ടിയതുകൊണ്ട് അവസാനിപ്പിക്കാന്‍ പോകുന്നില്ല; ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യ. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ നിര്‍ത്തിവെച്ചത് നല്ല ചുവടുവെപ്പാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വന്നതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

ഇന്ത്യന്‍ കമ്പനികള്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതു തുടരും. തീരുമാനങ്ങള്‍ അസംസ്‌കൃത എണ്ണയുടെ വിലയെയും ക്രൂഡിന്റെ ഗ്രേഡിനെയും അടിസ്ഥാനമാക്കിയുള്ളതാണ്. ശേഖരം, ചരക്ക് നീക്കത്തിനുള്ള ചെലവ്, സാമ്പത്തിക ഘടകങ്ങള്‍ എന്നിവയും നിര്‍ണായകമാണെന്ന് സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Signature-ad

ഇന്ത്യയിലെ പൊതുമേഖലാ എണ്ണ സംസ്‌കരണ കമ്പനികള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇന്ത്യയുടെ തീരുമാനത്തെ നല്ല നടപടി എന്ന് വിശേഷിപ്പിച്ച ട്രംപ് പക്ഷെ, ഈ അവകാശവാദം കൃത്യമാണോ എന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു ട്രംപ്. ”ഇന്ത്യ ഇനി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പോകുന്നില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതാണ് ഞാന്‍ കേട്ടത്. ശരിയാണോ അല്ലയോ എന്ന് എനിക്കറിയില്ല. അതൊരു നല്ല നടപടിയാണ്. എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം.” – ട്രംപ് പറഞ്ഞു.

Back to top button
error: