മാലപൊട്ടിച്ചു ബൈക്കില്‍ പറക്കുന്നതിനിടെ ലോറിക്ക് അടിപ്പെടാതിരിക്കാന്‍ കൈപ്പത്തി അടവച്ച ഗോവിന്ദച്ചാമി! ഒറ്റക്കൈയനായതിനു പിന്നിലെ കഥ തമിഴ്നാട്ടുകാര്‍ പറഞ്ഞതറിഞ്ഞ് ഞെട്ടി പോലീസും; 14 വര്‍ഷം മുമ്പ് നടത്തിയ അന്വേഷണത്തിന്റെ വഴികള്‍ ഇങ്ങനെ

തൃശൂര്‍: ജയില്‍ചാട്ടത്തോടെ മലയാളികള്‍ മറവിയിലേക്കു വിട്ട ഗോവിന്ദച്ചാമിയെക്കുറിച്ചുള്ള കഥകളും പുറത്തേക്കു വന്നുകൊണ്ടിരിക്കുകയാണ്. 2011 ഫെബ്രുവരി ഒന്നിനായിരുന്നു ഗോവിന്ദച്ചാമി ജീവിതാവസാനം വരെ ജയിലില്‍ കഴിയാന്‍ ഇടയാക്കിയ ക്രൂരകൃത്യം. അന്ന് രാത്രിയാണ് ഇയാള്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ മൃതപ്രായയാക്കി ബലാത്സംഗം ചെയ്തത്. ദൃക്സാക്ഷികളില്ലാത്ത കേസായിരുന്നു അത്. ഷൊര്‍ണൂര്‍ പാസഞ്ചറില്‍ തൊട്ടടുത്ത കോച്ചില്‍ യാത്ര ചെയ്തിരുന്നയാളുടെ മൊഴിയാണ് നിര്‍ണായകമായത്. ട്രെയിന്‍ തൃശൂര്‍ വള്ളത്തോള്‍ നഗറിലൂടെ കടന്നുപോകവേ ഒരു കരച്ചില് കേട്ടാണ് ഇദ്ദേഹം വാതില്ക്കല് എത്തി നോക്കിയത്.
ഒറ്റക്കയ്യനായ ഒരാള്‍ പൂച്ചയേപ്പോലെ ചാടി നിവരുന്നത് മാത്രം കണ്ടു. സാക്ഷിയായ വ്യക്തി അപായച്ചങ്ങല വലിക്കാന്‍ തുനിഞ്ഞെങ്കിലും, എല്ലാവരുടേയും യാത്ര മുടങ്ങുമെന്ന് പറഞ്ഞ് തടഞ്ഞു. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയ ശേഷമാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ അവശനിലയിലായ പെണ്‍കുട്ടിയെ നാട്ടുകാര്‍ ട്രാക്കില്‍ കണ്ടെത്തി. പൊലീസിനെ അറിയിച്ച് ആശുപത്രിയിലാക്കി. പീഡനം നടന്നതായി പിന്നീടാണ് വ്യക്തമാകുന്നത്.
യാത്രക്കാരനായ സാക്ഷി പറഞ്ഞതുമായി കൂട്ടിച്ചേര്‍ത്ത് ക്രൈം സീന്‍ തയ്യാറാക്കി. ഒറ്റക്കയ്യനായി അന്വേഷണം തുടങ്ങി. അടുത്ത ദിവസം പാലക്കാടിനടുത്ത് വച്ച് ഗോവിന്ദച്ചാമി റെയില്‍വേ പൊലീസിന്റെ പിടിയിലായി. അഞ്ചു ദിവസത്തോളം മരണത്തോട് മല്ലടിച്ച ശേഷം പെണ്‍കുട്ടി യാത്രയാവുകയും ചെയ്തു.
ഇടതു കൈപ്പത്തിയില്ലെന്നതാണ് ഗോവിന്ദച്ചാമിയെന്ന കൊടും ക്രിമിനലിന്റെ അടയാളം. ആദ്യം പിടിയിലായതും കഴിഞ്ഞ ദിവസം ജയില്‍ ചാട്ടത്തിന് ശേഷം വഴിയാത്രികര്‍ തിരിച്ചറിഞ്ഞതും പ്രധാനമായും ഈ അടയാളം വച്ചാണ്. വധശിക്ഷയില്‍ ഇളവു കിട്ടാനും ഈ അംഗ പരിമിതി വച്ച് പ്രതിഭാഗം വാദിച്ചിട്ടുണ്ട്.
കൈപ്പത്തി നഷ്ടമായതെങ്ങനെയെന്നറിയാന്‍ 14 വര്‍ഷം മുമ്പ് കേരള പൊലീസ് നടത്തിയ അന്വേഷണം ഗോവിന്ദച്ചാമിയുടെ മറ്റൊരു സാഹസത്തിലേക്കാണ് വിരല്‍ ചൂണ്ടിയത്. ഗോവിന്ദച്ചാമിയുടെ വേരുകള്‍ തേടി ബലാത്സംഗ,കൊലക്കേസിലെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട് വിരുദുനഗര്‍ ജില്ലയിലെ ഒരു തിരുട്ടു ഗ്രാമത്തിലെത്തിയിരുന്നു. ഇയാള്‍ വളര്‍ന്ന പ്രദേശമാണിത്. അവിടുത്തെ നാട്ടുകാരാണ് പൊലീസിനോട് അക്കഥ പറഞ്ഞത്.
ഒരിക്കല്‍ ഒരു ഇടവഴിയില്‍ വച്ച് ഒരു സ്ത്രീയുടെ മാല പൊട്ടിച്ച ശേഷം ബൈക്കില്‍ പായുകയായിരുന്നു ഗോവിന്ദച്ചാമിയും കൂട്ടാളിയും. രക്ഷപ്പെടാനായി ബൈക്ക് അതിവേഗം ഹൈവേയിലേക്ക് എടുത്തപ്പോള്‍ അതിലൂടെ പാഞ്ഞു വന്ന ലോറിക്ക് അടിയില്‍പ്പെടുമെന്നായി. ബ്രേക്കിട്ടിട്ടും ബൈക്ക് നിയന്ത്രിക്കാന്‍ പറ്റാതായതോടെ പിന്നിലിരുന്നിരുന്ന ഗോവിന്ദച്ചാമി സ്വന്തം കൈ പിന്‍ചക്രത്തിലെ കമ്പികള്‍ക്കിടെയില്‍ തിരുകി.
ബൈക്ക് സഡന്‍ ബ്രേക്കിട്ട പോലെ നില്‍ക്കുകയും ലോറി തലനാരിഴയ്ക്ക് കടന്നു പോവുകയും ചെയ്തു. രണ്ടു പേരുടെ ജീവന് രക്ഷപ്പെട്ടെങ്കിലും ചാമിക്ക് കൈപ്പത്തി നഷ്ടമായി. ഇതാണ് നാട്ടുകാര്‍ അറിയിച്ചത്. ഗോവിന്ദച്ചാമിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാന്‍ പൊലീസിന് ഇത്തരം വിവരങ്ങള്‍ സഹായകമാവുകയും ചെയ്തു. കുറ്റം ചെയ്യാനും രക്ഷപ്പെടാനും ഗോവിന്ദച്ചാമി എന്തു സാഹസവും ചെയ്യുമെന്നാണ് ഇന്നലത്തെ ജയില്‍ചാട്ടം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.






