മനുഷ്യരൂപത്തില്‍ ജനിച്ച് പിശാചായി വളര്‍ന്ന പടുജന്മം! വിമുക്തഭടനായിട്ടും എല്ലാം വിറ്റുതുലച്ച് കള്ളനായ അച്ഛന്‍, ഭാന്ത്രിയായ അമ്മ മരിച്ചത് വണ്ടിയിടിച്ച്; ‘തനിക്ക് താനും പുരയ്ക്കു തൂണു’മായി തീര്‍ന്ന കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമി

ജയില്‍ ചാട്ടത്തിലൂടെ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട കുറ്റവാളികളിലൊരാളായ ഗോവിന്ദച്ചാമിയെന്ന ചാര്‍ലി തോമസ്. സൈനികന്റെ മകനായി ജനിച്ച ഇയാള്‍ കുടുംബത്തിലെ ടോക്സിക് അന്തരീക്ഷത്തില്‍ നന്നെ ചെറുപ്പത്തില്‍ തന്നെ കൊടുംക്രിമിനലായി രൂപപ്പെട്ടു. ലഹരിയും സെക്സുമാണ് ഈ സൈക്കോപാത്തിനെ മുന്നോട്ടു നയിക്കുന്നത്. ഇയാളെക്കുറിച്ച് ഫെയ്സ്ബുക്കില്‍ റിജ്ജു കാലിക്കറ്റ് (എം റിജ്ജു) എന്നയാള്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ സേലം വിരുതാചലം സമത്വപുരത്തെ ഐവത്തിക്കുടി എന്ന ഗ്രാമത്തിലാണ് ഗോവിന്ദച്ചാമി ജനിച്ചത്. ഇന്ന് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല, ഇന്ത്യന്‍ ആര്‍മിയിലെ ഒരു സൈനികനായിരുന്നു, ഗോവിന്ദച്ചാമിയുടെ പിതാവെന്ന് തമിഴ്മാധ്യമങ്ങള്‍ ജന്‍മനാട്ടില്‍ അന്വേഷണം നടത്തി പറയുന്നുണ്ട്. ഗോവിന്ദച്ചാമിക്ക് ഒരു സഹോദരനുമുണ്ട്. പിതാവ് സൈനികനായിരുന്നെങ്കിലും അങ്ങേയറ്റം ടോക്‌സിക്കായ ഒരു ബാല്യമായിരുന്നു അവരുടേത്. സൈന്യത്തില്‍നിന്ന് വിരമിച്ച ശേഷം, അച്ഛന്‍ കടുത്ത മദ്യപാനിയായി. കുടുംബത്തിന്റെ പൂര്‍വ്വിക സ്വത്ത് വിറ്റുതുലച്ചു. അതോടെ അദ്ദേഹം ഗുണ്ടാപ്പണിയിലേക്കും, ചില്ലറ മോഷണങ്ങളിലേക്കും തിരിഞ്ഞു. സൈനികന്‍ അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന കള്ളനായി!
എല്ലാം വിറ്റുതലഞ്ഞതോടെ അവര്‍ സമത്വപുരത്തെ ഒരു ചെറിയ കുടിലേക്ക് മാറി. പിതാവിന്റെ പീഡനം സഹിക്കവയ്യാതെ അമ്മ മാനസിക രോഗിയായി. അവര്‍ തെരുവുകളില്‍ അലഞ്ഞ് നടക്കയായിരുന്നുവെന്നാണ്, തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. ഒടുവില്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു. അതുപോലെ തന്നെ അച്ഛനും ഒരു റോഡപകടത്തില്‍ മരിച്ചു. ഇതോടെ കുടുംബം അനാഥമായി. പിതാവിനെ കണ്ട് നേരത്തെ തന്നെ കുട്ടികളും അല്ലറചില്ലറ മോഷണം പഠിച്ചിരുന്നു. മാതാപിതാക്കളുടെ മരണശേഷം അവര്‍ ഇത് തൊഴിലാക്കി. റെയില്‍വേസ്്‌റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തിലുടെയായിരുന്നു അവരുടെ തുടക്കം.
മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചതോടെ സ്‌ക്കൂളില്‍പോലും പോവാതെ ഗോവിന്ദച്ചാമിയും ചേട്ടനും ക്രമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. തിരക്കേറിയ ട്രെയിനില്‍ പോക്കറ്റടി നടത്തുക, മാലപൊട്ടിച്ച് ഓടുക, മദ്യം കടത്തുക തുടങ്ങിയവയായിരുന്നു ആദ്യകാലപരിപാടികള്‍. ക്രമേണെ ആ ഗ്യാങ്ങ് വലിയ കൊള്ളകളിലേക്കും, കഞ്ചാവ് കടത്തിലേക്കുമൊക്കെ തിരിഞ്ഞു. ഗോവിന്ദച്ചാമിയുടെ ജീവിതം പഠിച്ചവര്‍ പറയുന്നത്, കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഗോവിന്ദച്ചാമിയുടെ പില്‍ക്കാല വ്യക്തിത്വത്തെയും മനോഭാവങ്ങളെയും കുറ്റകൃത്യ സ്വഭാവത്തെയും ആഴത്തില്‍ സ്വാധീനിച്ചുവെന്നാണ്. കൗമാരകാലത്തുതന്നെ അയാള്‍ നിര്‍ദയനായ ഒരു ക്രമിനലായി മാറിയിരുന്നു. 20 വയസ്സ് ആയപ്പോള്‍ തന്നെ ഗോവിന്ദച്ചാമിയുടെ നേതൃത്വത്തില്‍ ഒരു കവര്‍ച്ചാ സംഘംതന്നെ രൂപപ്പെട്ടുവന്നു. സേലം, ഈ റോഡ്, കടലൂര്‍, തിരുവള്ളൂര്‍, താംബരം എന്നിവടങ്ങളിലൊക്കെ അവര്‍ തീവണ്ടിക്കവര്‍ച്ചകള്‍ നടത്തി. മിക്കയിടത്തും യാചകന്റെ വേഷത്തിലെത്തിയാണ് മോഷണം.
കൈ പൊയത് ദുരൂഹം
ഗോവിന്ദച്ചാമിയുടെ ഇടത് കൈപ്പത്തി ജന്‍മനാ ഇല്ലാത്തതാണോ, കുട്ടിക്കാലത്തോ പിന്നീടോ നഷ്ടപ്പെട്ടതാണോ എന്ന് ഇന്നും വ്യക്തമല്ല. പൊലീസ് റെക്കോര്‍ഡുകളില്‍ ഈ ഭാഗത്ത് വ്യക്തതയില്ല. ചില ചോദ്യം ചെയ്യലില്‍, കുട്ടിക്കാലത്ത് പടക്കം പൊട്ടിച്ചപ്പോള്‍ പൊയതാണെന്നും, ചിലതില്‍ മുംബൈയില്‍വെച്ച് യൗവനത്തില്‍ നഷ്ടപ്പെട്ടതാണെന്നുമൊക്കെ ഗോവിന്ദച്ചാമി മാറ്റിമാറ്റി മൊഴി നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ചും പല കഥകളും പ്രചരിച്ചു. തമിഴ്‌നാട്ടില്‍വെച്ചുണ്ടായ കവര്‍ച്ചാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൈ വെട്ടിയതാണെന്നും അങ്ങനെയാണ് ഗോവിന്ദച്ചാമി സഹോദരനെയടക്കം ഉപേക്ഷിച്ച് മുംബൈക്ക് വിട്ടത് എന്നും പറയുന്നു. പിന്നീട് വധശിക്ഷക്ക് വിധിക്കപ്പെട്ടപ്പോഴാണ് സഹോദരനെ ഗോവിന്ദച്ചാമി ജയലില്‍വെച്ച് കാണുന്നത് എന്നാണ് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാമതൊരാള്‍ ഗോവിന്ദച്ചാമിയെ വന്നുകണ്ടത് അഡ്വക്കേറ്റ് ആളൂര്‍ ആണെന്നാണ് കോടതി രേഖകള്‍.
പക്ഷേ കുമുദവും നക്കീരനും പോലുള്ള തമിഴ് മാധ്യമങ്ങള്‍ മറ്റൊരു കഥയാണ് എഴുതിയത്. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന ഗോവിന്ദച്ചാമി അമിത ലൈംഗിക ആസക്തിയുള്ള ആളാണെന്ന് പിന്നീട്, ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലും തൊട്ടടുത്ത ചേരികളിലും ഇയാള്‍ സ്ഥിരമായി സ്ത്രീകളെ തേടി അലയാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ലഹരിക്കും അടിമയാണ്. അമിതമദ്യപാനവുമുണ്ട്. ഇങ്ങനെയിരിക്കെ സംഘത്തിലെ ഒരാളുടെ ഭാര്യയെ ഗോവിന്ദച്ചാമി ബലാത്സഗം ചെയ്തുവെന്നും അയാള്‍ കൈ വെട്ടിയതാണെന്നും പറയുന്നു. ഇതിനൊന്നും യാതൊരു സ്ഥിരീകരവുമില്ല. പക്ഷേ സ്ത്രീകളെയും പരുഷന്‍മ്മാരെയും ഒരുപോലെ ഉപയോഗിക്കുന്ന ഒരു സെക്‌സ് സൈക്കോയാണ് ഈ ക്രമിനല്‍ എന്നതിന് യാതൊരു സംശയവുമില്ല.
അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് സേലം പൊലീസ് സ്റ്റേഷനില്‍, ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. തമിഴ്‌നാട്ടില്‍ വിവിധ കാലയളവുകളിലായി ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇതോടൊപ്പം കൈ പോയതും കൂടിയായതോടെയാണ്, ചാമി തമിഴ്‌നാട് വിടുന്നത്. അങ്ങനെയാണ്് കുറേക്കൂടി സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ മുംബൈയില്‍ അയാള്‍ എത്തിച്ചേരുന്നത്. സൗമ്യകൊലക്കേസിന്റെ കുറ്റപത്രത്തിലും ഗോവിന്ദച്ചാമിയുടെ മുംബൈ ബന്ധം ചൂണ്ടിക്കാട്ടുന്നുണ്ട്.
പനവേല്‍ ഗ്യാങ്ങിലെത്തുന്നു
അസാധാരണമായ ക്രമിനല്‍ മനസ്സുള്ള സെക്‌സ് സൈക്കോ എന്നാണ് പല പൊലീസ് റെക്കോര്‍ഡുകളിലും ഗോവിന്ദച്ചാമിയെ വശേഷിപ്പിച്ചിട്ടുള്ളത്. അയാളെ സംബന്ധിച്ച് മുംബൈ ഒരു ചാകരയായിരുന്നു. ലഹരിയും സെക്‌സുമായിരുന്നു അയാളുടെ മുഖ്യ പ്രശ്‌നം. മുംബൈയില്‍ ഇതിനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. കച്ചവടക്കാരന്റെയോ യാചകന്റെയോ രൂപത്തിലാണ് ഇയാള്‍ എത്തുക. അവിടെനിന്ന് ബാഗോ, മാലയോ കൊള്ളയടിക്കുക. രക്ഷപ്പെടുക. ആ കളവ് വിറ്റുകൊടുക്കാന്‍ പനവേല്‍ ഗ്യാങ്ങ് എന്ന് അറിയപ്പെടുന്ന കുപ്രസിദ്ധമായ ട്രെയിന്‍ റോബറി സംഘമുണ്ട്. കിട്ടുന്ന പണത്തിന് മദ്യപിക്കുക, ലഹരിയടിക്കുക, പെണ്ണുപിടിക്കുക…. മറ്റൊരു ചിന്തയും അയാള്‍ക്കില്ല. പാപ പുണ്യങ്ങളെക്കുറിച്ചുള്ള വേവലാതിയില്ല, കുടുംബവും കുട്ടികളുമില്ല.
മുംബൈയിലെ പനവേല്‍ മുതല്‍ ഇങ്ങ് കേരളംവരെ വ്യാപിച്ചുകിടക്കുന്ന, റെയില്‍വേ ഭിക്ഷാടന- മോഷണ സംഘമാണ്, 2005 കാലത്തൊക്കെ പനവേല്‍ ഗ്യാങ്് എന്ന് അറിയപ്പെട്ടിരുന്നത്. ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇവരെക്കുറിച്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നത്. ഒരു ഒറ്റ ബ്ലെയിഡ് മാത്രം കൈയില്‍ കൊടുത്ത്, കുട്ടികളെയടക്കം ട്രെയിനിലേക്ക് ഇറക്കിവിട്ട് വന്‍ തുക സമ്പാദിക്കുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. പോക്കറ്റടിയും, മാലപൊട്ടിക്കലും, ബാഗ്മോഷണവുമൊക്കെ ഇവര്‍ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമം മോഡലില്‍ ഗുരുക്കന്‍മ്മാരെവെച്ച് പഠിപ്പിച്ചെടുക്കാറുണ്ട് എന്നാണ് ഡെക്കാന്‍ ക്രോണിക്കിളില്‍വന്ന വാര്‍ത്തയില്‍ പറയുന്നത്.
പിടിക്കപ്പെട്ടാല്‍ കൂട്ടത്തോടെ മൂത്രവും മലംഒഴിച്ചും അത് വാരിയെറിഞ്ഞും അറപ്പുണ്ടാക്കി രക്ഷപ്പെടും! (ഇതേ ടെക്ക്‌നിക്ക് തന്നെയാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രയോഗിച്ചത്. മലംവാരി എറിയുന്നതുകൊണ്ട് ജയില്‍ ജീവനക്കാര്‍ക്ക്, ഗോവിന്ദച്ചാമിയെ പരിശോധിക്കാന്‍ പേടിയായിരുന്നത്രേ. അങ്ങനെയായിരിക്കും അയാള്‍ ജയില്‍ ചാടാനുള്ള തുണിയൊക്കെ ഒളിപ്പിച്ച് വെച്ചത്) മാത്രമല്ല പനവേല്‍ മാഫിയക്ക് മറ്റൊരു രീതികൂടിയുണ്ട്. പൊലീസ് പിടിച്ചാല്‍ എല്ലാ നിയമസഹായവും അവര്‍ ഉറപ്പാക്കും. ശരിക്കും ഒരു റോബറി സിന്‍ഡിക്കേറ്റ്. ഈ പനവേല്‍ മാഫിയ തന്നെയാണ് ലക്ഷങ്ങള്‍ മുടക്കി, ഗോവിന്ദച്ചാമിയെ കൊലക്കയറില്‍നിന്ന് രക്ഷിച്ചതും. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ അഡ്വ ആളൂര്‍ മരിക്കുന്നതിന് മുമ്പ്, തനിക്ക് ഈ കേസില്‍ പണം വന്നത് പനവേലില്‍നിന്നാണെന്ന് വെളിപ്പെടുത്തിയിരുന്നു.






