ആരാവും അടുത്ത ഉപരാഷ്ട്രപതി? ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കണ്ണെറിഞ്ഞ് ബി.ജെ.പി; അഭ്യൂഹങ്ങള്‍ക്കിടെ രാംനാഥ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തി നഡ്ഡ

ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍ഘര്‍ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിക്കായി ചര്‍ച്ച തുടങ്ങി എന്‍ഡിഎ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അപ്രതീക്ഷിതമായാണ് ധന്‍ഘര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. എന്നാല്‍ ബിജെപി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉപരാഷ്ട്രപതിയുടെ രാജിയില്‍ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷമായ ഇന്‍ഡ്യ സഖ്യവും രംഗത്തെത്തിയിട്ടുണ്ട്.
കേന്ദ്ര മന്ത്രിയും ജെഡിയു നേതാവുമായ രാംനാഥ് ഠാക്കൂറിനെയാണ് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ ബുധനാഴ്ച രാംനാഥ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യം ഭാരതരത്ന നല്‍കി ആദരിച്ച സോഷ്യലിസ്റ്റ് നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ കര്‍പ്പൂരി ഠാക്കൂറിന്റെ മകനാണ് രാംനാഥ് ഠാക്കൂര്‍. രാജ്യസഭാ എംപിയായ ഠാക്കൂര്‍ നിലവില്‍ കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രിയാണ്.
രാംനാഥ് ഠാക്കൂര്‍ ബിഹാറിലെ അതീവ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ആളാണ്. ബിഹാര്‍ ജനസംഖ്യയുടെ 36 ശതമാനത്തിലധികവും അതീവ പിന്നാക്കക്കാരാണ്. രാംനാഥ് ഠാക്കൂറിനെ ഉപരാഷ്ട്രപതിയാക്കിയാല്‍ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്തയാളാണ് രാംനാഥ് ഠാക്കൂര്‍. 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് കര്‍പ്പൂരി ഠാക്കൂറിനെ മോദി സര്‍ക്കാര്‍ ഭാരതരത്ന നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. മന്ദിര്‍-മണ്ഡല്‍ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയായാണ് ബിജെപി ബിഹാറില്‍ ഇതിനെ ഉയര്‍ത്തിക്കാട്ടിയത്.






