Breaking NewsIndiaLead NewsNEWS

180 പേര്‍ കൊല്ലപ്പെട്ട മുംബൈ ട്രെയിന്‍ സ്ഫോടനം: പ്രതികളെ വെറുതെ വിട്ടു, തെളിവില്ലെന്ന് ഹൈക്കോടതി

മുംബൈ: നഗരത്തെ നടുക്കിയ 2006 ലെ ട്രെയിന്‍ സ്ഫോടന പരമ്പരകളിലെ പ്രതികളെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. പ്രതികള്‍ക്ക് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കുന്നത്.

സ്ഫോടന കേസില്‍ 2015 ല്‍ ആണ് പ്രത്യേക കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 12 പേരെ കുറ്റക്കാരായി കണ്ടെത്തിയ പ്രത്യേക കോടതി അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ വിധിച്ചത്. എന്നാല്‍ പ്രതികളെ ശിക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ച തെളിവുകള്‍ ശക്തമല്ലെന്ന് നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്.

Signature-ad

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതിനാല്‍ അവരുടെ ശിക്ഷ റദ്ദാക്കുകയും കേസ് തള്ളുകയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ മറ്റ് കേസുകളില്ലെങ്കില്‍ ഇവരെ ഉടന്‍ ജയില്‍ മോചിതരാക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

2006 ജൂലൈ 11-നാണ് മുംബൈയില്‍ പശ്ചിമ റെയില്‍വേ ശൃംഖലയിലെ വിവിധ സ്ഥലങ്ങളില്‍ ലോക്കല്‍ ട്രെയിനുകളില്‍ സ്ഫോടനം ഉണ്ടായത്. ഏഴിടത്തായിരുന്നു സ്ഫോടനങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ 180-ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Back to top button
error: