Breaking NewsLead News

മിഠായിപ്പൊതികളും കളിപ്പാട്ടങ്ങളും ബാക്കി; ചേതനയറ്റ പൊന്നോമനയെ കാണാന്‍ അമ്മയെത്തി; എന്തു പറഞ്ഞ് ആശ്വസിപ്പിക്കും?

കുട്ടികളുടെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പ്രവാസലോകത്തേക്കു പോയ അമ്മയുടെ നെഞ്ചു തകര്‍ത്ത് മകന്റെ അപ്രതീക്ഷിത വേര്‍പാട്.
അങ്ങേയറ്റം ഹതഭാഗ്യയായ അമ്മയാണ് ഇന്ന് നെടുമ്പാശേരിയില്‍ തിരിച്ചെത്തിയത്. രണ്ടു മക്കളുടെയും നല്ല ഭാവിയിലേക്കുള്ള കരുതലിനായാണ് ആ അമ്മ ഒന്‍പതു മാസങ്ങള്‍ക്കു മുന്‍പ് കുവൈത്തിലേക്ക് പോയത്. കുഞ്ഞുങ്ങള്‍ക്ക് മിഠായിപ്പൊതികളും കളിപ്പാട്ടങ്ങളുമായി തിരിച്ചെത്താമെന്ന പ്രതീക്ഷയായിരുന്നു കഴി‍ഞ്ഞ ദിവസം രാത്രിവരെ. വിഡിയോ കോളിലൂടെയാണ് മിഥുന്‍ മരിച്ച ദിവസം രാത്രി കുഞ്ഞിന്റെ മരണം അമ്മയെ അറിയിച്ചത്.

കുവൈത്തില്‍ നിന്നും തിരിച്ചെത്തിയ സുജ എന്ന അമ്മയ്ക്ക് മുന്നില്‍ ഇന്ന് കണ്‍മണികള്‍ രണ്ടുപേരില്ല, അമ്മയെ കാത്തിരിക്കാന്‍ ഇളയകുഞ്ഞ് മാത്രമാണെത്തിയത്. ചേതനയറ്റ കുഞ്ഞിനെ കാണാനായെത്തിയ ആ അമ്മയെ എന്തുപറഞ്ഞാശ്വസിപ്പിക്കും എന്ന സംയമായിരുന്നു എല്ലാവരുടെയും മനസില്‍. പതറിയ മുഖത്തോടെയെങ്കിലും മനസ്സാന്നിധ്യത്തോടെ നടക്കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞുമകനേയും ബന്ധുക്കളേയും കണ്ടതോടെ എല്ലാം നഷ്ടപ്പെട്ടു. ഹൃദയം തകര്‍ന്ന് അമ്മ മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. കണ്ടു നിന്നവര്‍ക്കോ പൊലീസിനോ ബന്ധുക്കള്‍ക്കോ ഒന്നും ചെയ്യാനില്ലാത്ത നിസഹായരായ അവസ്ഥ.

Signature-ad

മക്കളെ വിട്ടുപിരിയാന്‍ വിഷമമായിരുന്നെങ്കിലും അവര്‍ക്കുവേണ്ടിയായിരുന്നു അമ്മ മാസങ്ങള്‍ക്കുമുന്‍പ് പ്രവാസലോകത്തേക്ക് പോയത്. ഇങ്ങനെയൊരു ദുര്‍വിധി അവര്‍ ദുസ്വപ്നമായി പോലും കണ്ടുകാണില്ല. ഇനിയും മൂന്നുനാലു മണിക്കൂറുകളെടുക്കും അമ്മയ്ക്ക് മിഥുനെ കാണാന്‍. പൊലീസ് എസ്കോര്‍ട്ടോടു കൂടിയാണ് കൊല്ലത്തേക്കുള്ള യാത്ര.

മിഥുൻ പഠിച്ച തേവലക്കര സ്കൂളിൽ അല്‍പസമയത്തിനകം  പൊതുദർശനം ആരംഭിക്കും. 12:00 മണിയോടെ വീട്ടിലേക്ക് കൊണ്ടുവരും. വീട്ടിലെ പൊതു ദർശനത്തിനുശേഷം നാലുമണിയോടെ വീട്ടുവളപ്പിൽ തന്നെ സംസ്കാര ചടങ്ങുകൾ തുടങ്ങും. കേസില്‍ പൊലീസ് അന്വേഷണം പോലും ഇതുവരെ തുടങ്ങിയിട്ടില്ല. പ്രതിഷേധങ്ങള്‍ കാരണം അന്വേഷണം തുടങ്ങാനാകുന്നില്ലെന്നാണ് പൊലീസിന്‍റെ വിചിത്ര ന്യായീകരണം.

വ്യാഴാഴ്ച്ചയാണ് കൂട്ടുകാരന്റെ ചെരുപ്പെടുക്കാന്‍ സ്കൂളിനോട് ചേര്‍ന്ന ഷെഡിന്റെ ഷീറ്റിനു മുകളില്‍ കയറുന്നതിനിടെ മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്. വൈകിട്ട് തനിക്കായി ചെരുപ്പ് വാങ്ങിത്തരാന്‍ അച്ഛനോട് ആവശ്യപ്പെട്ട ശേഷം അനുജന്റെ ചെരുപ്പിട്ടായിരുന്നു അന്നവന്‍ സ്കൂളിലേക്ക് പോയത്. കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് സ്കൂളിന്റേയും കെഎസ്ഇബിയുടേയും അനാസ്ഥയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

Back to top button
error: