ഓപ്പറേഷന്‍ സിന്ദൂറിനിടെ അഞ്ചു യുദ്ധ വിമാനങ്ങള്‍ വീണു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ്; ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം നിര്‍ത്തിയതില്‍ ഇടപെട്ടു; ട്രംപിന്റെ പ്രഖ്യാപനം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കു മുമ്പില്‍; ഇന്ത്യയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തും

ന്യൂയോര്‍ക്ക്: ഇന്ത്യ- പാക് യുദ്ധത്തിനിടെ അഞ്ചു വിമാനങ്ങള്‍ തകര്‍ന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് യുദ്ധം അവസാനിപ്പിച്ചതെന്നും ട്രംപ് ആവര്‍ത്തിച്ചു. ഏതു രാജ്യത്തിന്റെ യുദ്ധ വിമാനങ്ങളാണു നഷ്ടപ്പെട്ടതെന്നു ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇരു രാജ്യത്തിന്റെയുംകൂടിയാണോ അതോ ഏതെങ്കിലും ഒരു രാജ്യത്തിന്റെയാണോ എന്നതില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കുവേണ്ടി വൈറ്റ് ഹൗസില്‍ വിളിച്ച അത്താഴ വിരുന്നിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ‘ഇന്ത്യയും പാകിസ്താനും തമ്മില്‍ നമുക്കു ബന്ധമുണ്ട്. രണ്ടു രാജ്യത്തിന്റെയും നാലോ അഞ്ചോ യുദ്ധ വിമാനങ്ങള്‍ ആക്രമണത്തിനിടെ ആകാശത്തുവച്ചു തകര്‍ന്നിട്ടുണ്ട്. യുദ്ധം അങ്ങേയറ്റം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. രണ്ടും ആണവരാജ്യങ്ങളാണ്. അവരാണു പരസ്പരം പോരടിച്ചത്. ഞാന്‍ ഇടപെട്ടത് അതുകൊണ്ടാണെ’ന്നും ട്രംപ് പറഞ്ഞു.
ഇന്ത്യ റഫാല്‍ യുദ്ധ വിമാനങ്ങളാണ് യുദ്ധത്തിനായി ഉപയോഗിച്ചത്. ഫ്രഞ്ച് മാസികയായ ചലഞ്ചസിനു നല്‍കിയ അഭിമുഖത്തില്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാകിസ്താന്റെ അവകാശവാദം റഫാല്‍ നിര്‍മാതാക്കളായ ദസോയുടെ എറിക് ട്രാപ്പിയര്‍ നിഷേധിച്ചിരുന്നു.
യുദ്ധ രംഗത്ത് അമേരിക്കയുടെയും ചൈനയുടെയും വിമാനങ്ങള്‍ക്കൊപ്പം മത്സരിക്കുന്ന ആധുനിക വിമാനക്കമ്പനിയാണ് ദസോ. ഇവരുടെ ഏറ്റവും അഭിമാനകരമായ വിമാനമാണ് റഫാല്‍ സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍. പാകിസ്താന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും ഇന്നും യുദ്ധരംഗത്തു റഫാലിനെ വെല്ലാന്‍ വിമാനങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ രംഗത്തു വിജയമെന്നത് ഏതെങ്കിലും വിമാനങ്ങള്‍ വീഴ്ത്തുന്നതു മാത്രമല്ല. അത് നമ്മള്‍ ഉദ്ദേശിച്ച ലക്ഷ്യം കണ്ടോ എന്നുള്ളതാണ്. ആ അര്‍ഥത്തില്‍ പാകിസ്താന്റെ വാദം ശരിയല്ല. റഫാല്‍ വിമാനങ്ങള്‍ തകര്‍ത്തെന്ന ഔദേ്യാഗിക വിവരം ഇന്ത്യ കൈമാറിയിട്ടില്ല. ഞങ്ങളുടെ അറിവില്‍ അത്തരമൊന്നു സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്‍ ഉപയോഗിക്കുന്ന ചൈനീസ് നിര്‍മിത ജെ-10 സി വിമാനവും അതിലുപയോഗിക്കുന്ന പി.എല്‍. 15 ഇ ലോങ് റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകളും ഉപയോഗിച്ചു മൂന്നു റഫാല്‍ വിമാനങ്ങള്‍ വീഴ്ത്തിയെന്നായിരുന്നു ആരോപണം. മൊത്തം ആറു വിമാനങ്ങള്‍ വീഴ്ത്തിയെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു. ഇതില്‍ ഒരു എസ്.യു 30 എംകെഐ, മിഗ് 29, മിറാഷ് 2000 എന്നിവയും ഉള്‍പ്പെടുമെന്നും ഇവര്‍ പറഞ്ഞു.
രണ്ട് ആണവ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തെ ഏറ്റവും അപകടകരമായ കാര്യമെന്ന നിലയിലാണ് വിലയിരുത്തിയത്. ഇരു രാജ്യങ്ങളും മൊത്തത്തില്‍ 125 വിമാനങ്ങളാണ് യുദ്ധത്തിന് ഉപയോഗിച്ചത്. എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ മികച്ചതാണെന്ന് ഒരിക്കലും അവകാശപ്പെടുന്നില്ല. എന്നാല്‍, എയര്‍-ടു-എയര്‍ മിസൈല്‍ വിക്ഷേപണം, ഗ്രൗണ്ട് സ്‌ട്രൈക്ക്, ആണവായുധം വഹിക്കാനുള്ള ശേഷി, വിമാനങ്ങളെ പിന്തുടര്‍ന്ന് ആക്രമിക്കാനുള്ള ശേഷി എന്നിവ ഒറ്റ യുദ്ധവിമാനത്തില്‍ ഏകോപിപ്പിക്കുന്നത് റഫാല്‍ മാത്രമാണെന്നും ട്രാപ്പിയര്‍ പറഞ്ഞു. നേരിട്ടുള്ള ആക്രമണമുണ്ടായാല്‍ അമേരിക്കയുടെ എഫ് 22 സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍ മേല്‍ക്കൈ നേടും. എന്നാല്‍, എഫ് 35 നെ അപേക്ഷിച്ച് റഫാല്‍ വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.






