Breaking NewsIndiaLead NewsLIFENEWSNewsthen SpecialWorld

വിട! ഫിയര്‍ലെസ് ഫെലിക്‌സ്: പാരാഗ്ലൈഡര്‍ തകര്‍ന്നു മരിച്ച ഫെലിക്‌സിന് കണ്ണീരോടെ വിട നല്‍കി ലോകം; ലോകത്തെ അമ്പരപ്പിച്ച ആയിരക്കണക്കിന് ചാട്ടങ്ങള്‍; വേഗംകൊണ്ട് ശബ്ദത്തെയും തോല്‍പ്പിച്ചു; ഒടുവില്‍ ആകാശപ്പക്ഷിയായി മടക്കം

റോം: അതിസാഹസികനായ സ്‌കൈ ഡൈവര്‍ ഫെലിക്‌സ് ബോംഗാര്‍ട്‌നര്‍ക്ക് കണ്ണീരോടെ വിട നല്‍കി ലോകം. പാരാഗ്ലൈഡര്‍ അപകടത്തിനിടെയാണ് അമ്പത്താറുകാരനായ ഫെലിക്‌സ് ഇറ്റലിയില്‍ വച്ച് മരിച്ചത്. ഫെലിക്‌സ് കയറിയ പാരാഗ്ലൈഡര്‍ നിയന്ത്രണം വിട്ട് പോര്‍ടോ സാന്റ് എല്‍പിദിയോയിലെ സ്വിമ്മിങ് പൂളിന്റെ ഭിത്തിയില്‍ ഇടിച്ച് വീഴുകയായിരുന്നു.

ശബ്ദത്തെയും തോല്‍പ്പിച്ചു

Signature-ad

‘ഫിയര്‍ലെസ് ഫെലിക്‌സ്’ എന്നായിരുന്നു ബോംഗാര്‍ട്‌നറെ സാഹസിക ലോകം വിളിച്ചിരുന്നത്. ശരീരം കൊണ്ട് ശബ്ദ വേഗത്തെ ‘തോല്‍പ്പിച്ച’ മനുഷ്യന്‍. 2012ലാണ് ഫെലിക്‌സ് ആ ആകാശച്ചാട്ടം നടത്തിയത്. ന്യൂ മെക്‌സിക്കോയുടെ ആകാശത്തില്‍ നിന്നും 39 കിലോ മീറ്റര്‍ ഉയരത്തിലേക്ക് കൂറ്റന്‍ ഹീലിയം ബലൂണ്‍ ക്യാപ്‌സൂളിലേറി ഫെലിക്‌സ് പറന്നുകയറി. മര്‍ദം നിറച്ച സ്യൂട്ടായിരുന്നു ഫെലിക്‌സിന്റെ വേഷം. അവിടെ നിന്നും ശബ്ദത്തെക്കാള്‍ വേഗത്തില്‍ ഒറ്റച്ചാട്ടം. പിറന്നത് പുതുചരിത്രം.

ജീവന്‍ പോലും അപകടത്തിലായ ഘട്ടം ആ ചാട്ടത്തിനിടെയുണ്ടായെന്ന് റെഡ് ബുള്‍ സ്ട്രാറ്റോസ് ടീം പിന്നീട് വെളിപ്പെടുത്തി. ‘ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ അങ്ങേയറ്റം എളിമയുള്ളവനാകും. റെക്കോര്‍ഡുകള്‍ ഭേദിക്കുന്നതിനെ കുറിച്ചോ, ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുന്നതിനെ കുറിച്ചോ ഉള്ള ചിന്തകള്‍ പോലും കടന്നു വരില്ല. ജീവനോടെ എങ്ങനെ തിരികെ ഭൂമിയിലെത്താം എന്ന് മാത്രമാകും നിങ്ങളുടെ ചിന്ത. എത്ര ചെറുതാണ് നാമെന്നറിയണമെങ്കില്‍ ചിലപ്പോഴെങ്കിലും അത്യുന്നതങ്ങളിലെത്തണം’. പ്രാണന്‍ നിലച്ചു പോയ 13 സെക്കന്‍ഡുകളെ കുറിച്ച് കിഴക്കന്‍ മെക്‌സികോയിലെ മരുഭൂമിയില്‍ സുരക്ഷിതനായി പറന്നിറങ്ങിയ ശേഷം ഫെലിക്‌സ് പറഞ്ഞു. ഒന്‍പത് മിനിറ്റായിരുന്നു ഈ ദൗത്യത്തിന് ആകെ വേണ്ടി വന്ന സമയം.

1960 ല്‍ ജോ കിറ്റിങര്‍ സ്ഥാപിച്ച ആകാശച്ചാട്ടത്തിന്റെ റെക്കോഡ് കൂടിയാണ് ഫെലിക്‌സ് തകര്‍ത്തത്. ഏറ്റവും ഉയരത്തില്‍ നിന്നുള്ള ആകാശച്ചാട്ടത്തിന് ഫെലിക്‌സിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ജോ മുന്നിലുണ്ടായിരുന്നു. രണ്ട് വര്‍ഷമാണ് ഫെലിക്‌സിന്റെ റെക്കോര്‍ഡ് ഇളകാതെ നിന്നത്. ഗൂഗിള്‍ എക്‌സിക്യുട്ടീവായ അലന്‍ യൂസ്റ്റസ് ഇതു് മറികടന്നു.

ഭൂമിക്ക് മുകളിലെത്തിയ ശേഷം ശരീരത്തിലെ പാരഷൂട്ട് പ്രവര്‍ത്തിപ്പിച്ച് ഫെലിക്‌സ് ചാടിയ ചാട്ടം ദശലക്ഷങ്ങളാണ് യൂട്യൂബിലൂടെ കണ്ടത്. ഓസ്ട്രിയക്കാരനായ ഫെലിക്‌സ് സൈന്യത്തിലെ പാരഷൂട്ടിസ്റ്റായിരുന്നു. ആയിരക്കണക്കിന് തവണയാണ് വിമാനങ്ങളില്‍ നിന്നും പാലങ്ങളില്‍ നിന്നും അംബരചുംബികളായ കെട്ടിടങ്ങളില്‍ നിന്നും ആകാശപ്പറവയെ പോലെ ഫെലിക്‌സ് ഭൂമിയിലേക്ക് പറന്നിറങ്ങിയത്. ബ്രസീലിലെ ക്രൈസ്റ്റ് ദ് റെഡീമര്‍ സ്റ്റാച്യുവില്‍ നിന്നും ഫെലിക്‌സ് ഒരിക്കല്‍ പറന്ന് ഭൂമിയിലെത്തി. 2003 ല്‍ ഇംഗ്ലിഷ് ചാനലിന് മുകളിലൂടെയും പറന്നു. അവസാനകാലത്ത് ഹെലികോപ്റ്റര്‍ സ്റ്റണ്ട് പൈലറ്റായി ഫെലിക്‌സ് തിളങ്ങി. ഒടുവില്‍ ആകാശപ്പക്ഷിയായി ഫെലിക്‌സ് മടങ്ങുന്നതു കണ്ണീരോടെ നോക്കി നില്‍ക്കുകയാണു ലോകം.

Back to top button
error: