അവസാനം വെടിനിര്‍ത്തല്‍! സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് സമവായത്തിലേക്ക്; മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയേക്കും; മന്ത്രി ബിന്ദുവും മോഹനന്‍ കുന്നുമ്മലും ചര്‍ച്ച നടത്തി; സര്‍ട്ടിഫിക്കറ്റുകളിലും വിസി ഒപ്പിട്ടു

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് വെടിനിര്‍ത്തലിലേക്ക്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയേക്കും. ഇതോടെയാണ് ഭരണപ്രതിസന്ധി സമവായത്തിലേക്ക് നീങ്ങിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവുമായി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നമ്മല്‍ ചര്‍ച്ച നടത്തി. സര്‍വകലാശാലയിലെത്തിയ വി.സി കെട്ടിക്കിടന്ന വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഒപ്പിട്ടു. സര്‍ക്കാര്‍ അഭ്യര്‍ഥിച്ച പ്രകാരമാണ് വി.സി എത്തിയതെന്നും പ്രതിഷേധവും സമരവും ഒഴിവാക്കി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി ആര്‍.ബിന്ദുവും പറഞ്ഞു.
സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതില്‍ തുടങ്ങിയ പ്രതിഷേധം സര്‍വകലാശാലയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സ്തംഭിപ്പിച്ചതോടെയാണ് സര്‍ക്കാര്‍ സമവായത്തിന്റെ വഴിതേടിയത്. രാജ്ഭവനുമായി സര്‍ക്കാര്‍ അനൗദ്യോഗിക ആശയവിനിമയം നടത്തിയെന്നാണ് വിവരം. മന്ത്രിമാരായ ആര്‍.ബിന്ദുവും പി.രാജീവും ഗവര്‍ണര്‍ ഡല്‍ഹിയില്‍ നിന്ന് മടങ്ങിവന്ന കൂടിക്കാഴ്ച നടത്തുമെന്നും അറിയുന്നു. എസ്.എഫ്.ഐ ഭീഷണിയുണ്ടെന്ന് പരസ്യമായി പറഞ്ഞ് സര്‍വകലാശാലയില്‍ നിന്ന് മാറിനിന്ന വി.സി മോഹനന്‍ കുന്നമ്മല്‍ കനത്ത പൊലീസ് അകമ്പടിയില്‍ ഓഫീസിലെത്തി1800 വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കേറ്റ് ഒപ്പിട്ടു. താന്‍ സസ്‌പെന്‍ഡ് ചെയ്ത റജിസ്ട്രാര്‍ കെ.എസ്.അനില്‍കുമാര്‍ ഓഫീസില്‍ വരുന്നത് ക്രമിനല്‍ കുറ്റമാണെന്നും വി.സി ആഞ്ഞടിച്ചു.
റജിസ്ട്രാറിനും എസ്.എഫ്.ഐയ്ക്കുമെതിരെ മാധ്യമങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച വി.സി തുടര്‍ന്ന് മന്ത്രി ആര്‍.ബിന്ദുവിനെ വസതിയില്‍ ചെന്നുകണ്ടു. സര്‍ക്കാരിനെ പോലെ രാജ്ഭവനും സമവായമാണ് ആഗ്രഹിക്കുന്നതിന്റെ തെളിവായി ഇത്. വി.സി കണ്ടു മടങ്ങിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട മന്ത്രി ആര്‍. ബിന്ദു, ഭരണപ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമം തുടരുമെന്ന് പറഞ്ഞു.






