കേരള ക്രിക്കറ്റ് ലീഗില്‍ സഞ്ജു സാംസണൊപ്പം തിളങ്ങാന്‍ തൃശൂരിന്റെ ഗഡികള്‍; കൊച്ചി ഒഴികെ എല്ലാ ടീമുകളിലും സാന്നിധ്യം; നിലനിര്‍ത്തിയത് ലക്ഷങ്ങള്‍ മുടക്കി; ചില്ലറക്കാരല്ല ഏഴുപേര്‍

തൃശൂര്‍: കെസിഎല്‍ രണ്ടാം സീസണില്‍ തിളങ്ങാന്‍ തൃശൂരില്‍നിന്ന് ഏഴു താരങ്ങള്‍. കൊച്ചി ഒഴികെ എല്ലാ ടീമുകളിലും തൃശൂരില്‍നിന്നുള്ള യുവതാരങ്ങള്‍ ഇടംപിടിച്ചു. എന്‍.എം. ഷറഫുദ്ദീന്‍, സി.വി. വിനോദ് കുമാര്‍, വത്സല്‍ ഗോവിന്ദ്, റിയ ബഷീര്‍, കെ.എ. അരുണ്‍, ടി.വി. കൃഷ്ണകുമാര്‍, ആതിഫ് ബിന്‍ അഷ്‌റഫ് എന്നിവരാണു കളിക്കുക.
കേരള ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണു ഷറഫുദീന്‍. കഴിഞ്ഞ സീസണില്‍ കൊല്ലം സെയിലേഴ്‌സിനായി മികച്ച ബൗളിംഗ് കാഴ്ചവച്ചു. 12 കളികളില്‍നിന്നു 19 വിക്കറ്റുകളും നേടി. ബൗളിംഗ് പട്ടിയിലെ രണ്ടാം സ്ഥാനത്തിനൊപ്പം മികച്ച ബാറ്റിംഗും കണക്കിലെടുത്ത് ടൂര്‍ണമെന്റിലെ മികച്ച താരമായും തെരഞ്ഞെടുത്തു. അടുത്തിടെ നടന്ന എന്‍എസ്‌കെ ട്രോഫിയിലും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുഫക്കപ്പെട്ടു. അഞ്ചു ലക്ഷം രൂപയ്ക്കാണു കൊല്ലം ഷറഫുദ്ദീനെ നിലനിര്‍ത്തിയത്.
ഡല്‍ഹിയില്‍ കളിച്ചുവളര്‍ന്ന്, കുച്ച് ബിഹാര്‍ ട്രോഫിയിലൂടെ താരമായി ഉയര്‍ന്ന ബാറ്റ്‌സ്മാനാണു വത്സണ്‍ ഗോവിന്ദ്. 2018-19ലെ കുച്ച് ബിഹാര്‍ ട്രോഫിയില്‍ എട്ടു മത്സരങ്ങളില്‍നിന്ന് 1235 റണ്‍സാണു നേടിയത്. ഈ പ്രകടനം അണ്ടര്‍ 19, കേരള രഞ്ജി ടീമിലേക്കും വഴിതുറന്നു. കൊല്ലം ഒന്നരലക്ഷം രൂപയ്ക്കാണു വത്സണെ നിലനിര്‍ത്തിയത്. ലീഗിലെ ഏറ്റവും മുതിര്‍ന്ന താരങ്ങളിലൊരാളായ സി.വി. വിനോദ് കുമാറിനെ 6.20 ലക്ഷത്തിലാണ് തൃശൂര്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ തിരുവനന്തപുരത്തിനായി ഇറങ്ങിയ വിനോദ് 13 വിക്കറ്റുകള്‍ വീഴ്ത്തി.
കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റിയ ബഷീറിനെ 1.6 ലക്ഷം രൂപയ്ക്കാണു ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തിയത്. അടുത്തിടെ കെസിഎ നടത്തിയ ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ സീസണില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റോര്‍സിനായി ഇറങ്ങിയ കെ.എ. അരുണ്‍ ഇത്തവണ ആലപ്പുഴയ്‌ക്കൊപ്പമാണ്. 75000 രൂപയ്ക്കാണ് ആലപ്പുഴ അരുണിനെ ടീമിലെത്തിച്ചത്. കെസിഎല്ലില്‍ ആദ്യമായി കളിക്കാനൊരുങ്ങുന്ന ടി.വി. കൃഷ്ണകുമാറിനെ 75000 രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും ആതിഫ് ബിന്‍ അഷ്‌റഫിനെ 1.25 ലക്ഷത്തിന് തൃശൂരുമാണ് സ്വന്തമാക്കിയത്.






