Breaking NewsKeralaLead NewsNEWS

കേറല്ലേ കേറല്ലേ എന്ന് പറഞ്ഞതാ, പക്ഷേ… മിഥുന്‍ ഷെഡിലിറങ്ങിയത് ജനാലവഴി; അപകടമുണ്ടാക്കിയത് ഷെഡ് നിര്‍മാണം ?

കൊല്ലം: സ്‌കൂള്‍ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോട് ചേര്‍ന്ന് തകരഷീറ്റില്‍ സൈക്കിള്‍ ഷെഡ് നിര്‍മിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍. ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ പലതവണ കെഎസ്ഇബിയോട് ആവശ്യപ്പെട്ടെന്നും നാട്ടുകാര്‍ പറയുന്നു.

മൈതാനത്തോട് ചേര്‍ന്നുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ഭിത്തിയിലാണ് സൈക്കിള്‍ ഷെഡ് നിര്‍മിച്ചിരിക്കുന്നത്. മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ട് വര്‍ഷങ്ങളായി. പക്ഷേ, അടുത്തിടെ ഷെഡ് നിര്‍മിച്ചപ്പോള്‍ ലൈന്‍ തകരഷീറ്റിന് തൊട്ട് മുകളിലായി. ക്ലാസിന് ഉള്ളിലൂടെ ഷെഡിലേക്ക് ഇറങ്ങാന്‍ കഴിയും. ബഞ്ച് ഉപയോഗിച്ചാണ് മിഥുന്‍ ക്ലാസിനുള്ളില്‍നിന്നും തകര ഷീറ്റിലേക്ക് ഇറങ്ങിയത്. ചെരുപ്പ് എടുക്കുമ്പോള്‍ ഷീറ്റില്‍നിന്ന് തെറ്റി വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു.

Signature-ad

തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഇന്നു രാവിലെ 9.15 ഓടെയാണ് ഷോക്കേറ്റ് മരിച്ചത്. ക്ലാസ് മുറിയിലെ ബോര്‍ഡിന് തൊട്ട് മുകളില്‍ ജനലുണ്ട്. ഇത് പലകവച്ച് മറച്ചിരിക്കുകയാണ്. പലക ഇളക്കി മാറ്റിയാണ് മിഥുന്‍ ഷീറ്റിലേക്ക് കയറിയത്. രാവിലെ എട്ടരയോടെയാണ് അപകടം. ആ സമയത്ത് അധ്യാപകര്‍ സ്‌കൂളിലുണ്ടായിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദ്യുതി ലൈനില്‍ കമഴ്ന്നു കിടക്കുന്ന നിലയിലാണ് സ്‌കൂള്‍ അധികൃതര്‍ മിഥുനെ കണ്ടത്.

കൊല്ലത്ത് സ്‌കൂളില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയില്‍ തട്ടി

കുട്ടികളൊക്കെ സ്‌കൂളില്‍ എത്തിത്തുടങ്ങുന്ന നേരം. സാധാരണ രീതിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു മിഥുനും. പരസ്പരം ചെരിപ്പെറിഞ്ഞുള്ള കളിയില്‍ പെട്ടെന്ന് മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിള്‍ ഷെഡിന് മേലേക്ക് പതിക്കുകയായിരുന്നു. ഇത് എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മിഥുന് ഷോക്കേറ്റത്.

‘കൂടെയുള്ള സുഹൃത്തുക്കള്‍… മിഥുനേ കേറല്ലേ… കേറല്ലേ.. എന്ന് പറഞ്ഞതാ. എന്നാല്‍, പലകയുടെ ഇടയില്‍ കൂടി സൈക്കിള്‍ ഷെഡ്ഡിന് മേലേക്ക് അവന്‍ ചാടിക്കയറുകയായിരുന്നു’, ദൃക്‌സാക്ഷി പറയുന്നു. ബെഞ്ച് എടുത്ത് ഷീറ്റിനുമേല്‍ വെച്ചശേഷമായിരുന്നു ചെരിപ്പെടുക്കാനുള്ള ശ്രമം. തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്തുള്ള ത്രീ ഫെയ്‌സ് ലൈനിലായിരുന്നു. തൊട്ടടുത്തുള്ള വീട്ടിലേക്കുള്ള വൈദ്യുത ലൈനായിരുന്നു ഇത്.

ഷോക്കേറ്റത് കണ്ട് ഓടിയെത്തി അധ്യാപകര്‍ ഉടന്‍ തന്നെ ഓടിപ്പോയി ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ചെയ്തു. കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് താഴെയിറക്കി ശാസ്താം കോട്ട ആശുപത്രിയിലേക്ക് കുതിച്ചു. എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷണച്ചുമതല നല്‍കി. വിഷയത്തില്‍ വിശദാന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Back to top button
error: