Breaking NewsKeralaLead NewsNEWS

രാവിലെ തന്നെ ഫിറ്റ്: 3 ബസ് ഡ്രൈവര്‍മാര്‍ക്ക് ‘ചെക്ക്’; കൊച്ചിയില്‍ വാഹനപരിശോധന ഹിറ്റ്

കൊച്ചി: നഗരത്തില്‍ അതിരാവിലെ മദ്യ ലഹരിയില്‍ ബസ് ഓടിച്ച 3 ഡ്രൈവര്‍മാര്‍ പിടിയില്‍. ഇടപ്പള്ളി ചേരാനല്ലൂര്‍, തേവരകലൂര്‍, തോപ്പുംപടികലൂര്‍ റൂട്ടുകളിലെ സ്വകാര്യ ബസുകളില്‍ നിന്നാണ് ഡ്രൈവര്‍മാര്‍ പിടിയിലായത്. ഇന്നലെ രാവിലെ 8.30നാണ് പരിശോധന നടത്തിയത്. കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ ഗതാഗത മന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും ഒട്ടേറെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും ട്രാഫിക് പൊലീസും ചേര്‍ന്നു വിവിധ സ്‌ക്വാഡുകളായി പരിശോധനക്കിറങ്ങിയത്.

നിറയെ യാത്രക്കാരുള്ള ബസുകളാണ് മദ്യ ലഹരിയില്‍ ഡ്രൈവര്‍മാര്‍ ഓടിച്ചിരുന്നത്. പകരം ഡ്രൈവര്‍മാരെ നിയോഗിച്ചാണ് ഈ ബസുകള്‍ സര്‍വീസ് തുടര്‍ന്നത്. 2 ബസുകളിലെ യൂണിഫോം ധരിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും 3 ബസുകളില്‍ ലൈസന്‍സ് ഇല്ലാത്ത കണ്ടക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുത്തു. പെര്‍മിറ്റ് കാലാവധി കഴിഞ്ഞ ഒരു ബസും കസ്റ്റഡിയിലെടുത്തു. കലൂര്‍, ഇടപ്പള്ളി, ഹൈക്കോടതി ജംക്ഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.

Signature-ad

കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ എണ്‍പതോളം ബസുകളാണ് തടഞ്ഞു പരിശോധിച്ചത്. 18 ബസുകളില്‍ പോരായ്മ കണ്ടെത്തി. പല കുറ്റങ്ങള്‍ക്കായി വിവിധ നിരക്കുകളില്‍ പിഴ ചുമത്തി. അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.ചന്തു, അരുണ്‍ ശശിധരന്‍, ദിനീഷ്‌കുമാര്‍, അജയ് മോഹന്‍ദാസ്, ട്രാഫിക് പൊലീസ് എസ്‌ഐമാരായ വി.സന്തോഷ്‌കുമാര്‍, പി.എം.മധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

Back to top button
error: