Breaking NewsCrimeLead NewsNEWS

അധ്യാപകന്റെ ലൈംഗിക പീഡനം സഹിക്കാനാവാതെ തീകൊളുത്തി; ഒഡീഷയില്‍ വിദ്യാര്‍ഥിനി മരിച്ചു, നടപടിയെടുക്കാതിരുന്ന പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: കോളേജ് അദ്ധ്യാപകനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. തീകൊളുത്തിയതിനെത്തുടര്‍ന്ന് 20കാരിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു.

ഒഡീഷ ബാലസോറിലെ ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളേജിലാണ് സംഭവം നടന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് കോളേജില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയത്. മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകാതെ ജൂണ്‍ മുപ്പതിന് വകുപ്പ് മേധാവി സമീര്‍ കുമാര്‍ സാഹുവിനെതിരെ വിദ്യാര്‍ത്ഥിനി പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. മോശമായി പെരുമാറിയെന്നും തനിക്ക് വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ മാര്‍ക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയിലുണ്ട്. എന്നാല്‍ കോളേജ് അധികൃതര്‍ അദ്ധ്യാപകനെതിരെ ഒരു നടപടിയുമെടുത്തില്ല. തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനി സ്വയം തീകൊളുത്തിയത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് സഹപാഠികള്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

Signature-ad

സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷ് ഇന്നലെ അറസ്റ്റിലായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നലെ എയിംസിലെത്തി വിദ്യാര്‍ത്ഥിനിയെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു. കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അറിയിച്ചു. സമീര്‍ കുമാര്‍ സാഹുവിനെ കഴിഞ്ഞ ദിവസം കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സപ്പിലിനെയും സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്.

Back to top button
error: