Breaking NewsKeralaLead NewsNEWS

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം സഹായം, മകന് സര്‍ക്കാര്‍ ജോലി; സഹായം അപര്യാപ്തമെന്ന് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മകന്‍ നവീതിന് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകര്‍ന്നു വീണ് തലയോലപ്പറമ്പ് ഉമ്മന്‍കുന്ന് മേപ്പത്ത് കുന്നേല്‍ ബിന്ദു മരിച്ചത്. ചികിത്സയിലുള്ള മകള്‍ക്ക് കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു അപകടം.

വിഷയത്തില്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്കു പരുക്കേറ്റു. സുരക്ഷിതമല്ലെന്നു 12 വര്‍ഷംമുന്‍പു പൊതുമരാമത്തുവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയ കെട്ടിടത്തില്‍ സര്‍ജിക്കല്‍ ബ്ലോക്ക് അടക്കം പ്രവര്‍ത്തിച്ചിരുന്നു.

Signature-ad

അതേസമയം, 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നതെന്നും 10 ലക്ഷം രൂപ അപര്യാപ്തമാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. അപകടത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ബിന്ദുവിന്റെ കുടുംബത്തിനു വാഗ്ദാനം ചെയ്ത 5 ലക്ഷം രൂപ കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മന്‍ എംഎല്‍എ കൈമാറിയിരുന്നു. ബിന്ദു ജോലി ചെയ്ത ശിവാസ് സില്‍ക്‌സും ഒരു ലക്ഷം രൂപയുടെ ചെക്ക് അമ്മ സീതാലക്ഷ്മിക്കു കൈമാറിയിരുന്നു. സീതാലക്ഷ്മിക്ക് ആജീവനാന്തം എല്ലാ മാസവും 5000 രൂപ വീതം നല്‍കുമെന്നും കടയുടമ ആനന്ദാക്ഷന്‍ പറഞ്ഞിരുന്നു.

Back to top button
error: