
പത്തനംതിട്ട: ഓമല്ലൂരില്‍ ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഒരു ബിജെപി പ്രവര്‍ത്തകനും മറ്റൊരു സിപിഎം പ്രവര്‍ത്തകനും മര്‍ദനമേറ്റു. സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകനെയും ഒരു സിപിഎം പ്രവര്‍ത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഓമല്ലൂര്‍ പറയനാലി തുണ്ടില്‍ മേലേതില്‍ ടി അരുണ്‍, തുണ്ടിയില്‍ വടക്കേതില്‍ എം പ്രദീപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കൂടാതെ പറയനാലി സ്വദേശി ഷൈജുവിന് മര്‍ദനമേറ്റു. ബിജെപി പ്രവര്‍ത്തകന്‍ ഓമല്ലൂര്‍ പൈവള്ളി താന്നിമൂട്ടില്‍ അഖിലിന് പരുക്കുണ്ട്.
പകല്‍ സമയത്തെ പ്രശ്‌നങ്ങള്‍ക്കുശേഷം രാത്രി ഇരു വിഭാഗങ്ങളും ഓമല്ലൂരില്‍ പ്രകടനം നടത്തിയതോടെ 2 മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. പത്തനംതിട്ട, അടൂര്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘമെത്തിയാണ് സംഘര്‍ഷം തടഞ്ഞത്. രാത്രി ഒന്‍പതോടെയാണ് ഇരുവിഭാഗവും പിരിഞ്ഞുപോയത്.
ഓമല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ അഖിലിന്റെ വീടിനു മുന്നില്‍ ഇന്നലെ സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്നാണു പൊലീസ് പറയുന്നത്. അഖിലിന്റെ വീടിനടുത്ത് സിപിഎം പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അഖിലിന്റെ വീട്ടിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് സിപിഎം പ്രവര്‍ത്തകര്‍ കടന്നു കയറി ആക്രമിച്ചെന്നാണ് ബിജെപി വാദം. അഖിലിനും അമ്മയ്ക്കും പരുക്കുണ്ടെന്നും ഇവര്‍ പറയുന്നു.
എന്നാല്‍, വീടിനു മുന്നിലെ റോഡിലൂടെ ബൈക്കില്‍ പോയ സിപിഎം പ്രവര്‍ത്തകരെ അഖില്‍ ആക്രമിച്ചെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. പരിക്കേറ്റ 3 സിപിഎം പ്രവര്‍ത്തകര്‍ ചികിത്സ തേടിയിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്തും സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയതോടെ കൂടുതല്‍ പൊലീസെത്തി. ഏതാനും വര്‍ഷം മുന്‍പ് ഓമല്ലൂര്‍ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ടായിരുന്നു. ഡിവൈഎഫ്‌ഐയുടെ കൊടി കെട്ടാന്‍ അന്നു പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇരു പാര്‍ട്ടികളും തമ്മില്‍ വിരോധം നിലനിന്നിരുന്നുവെന്നാണ് പൊലീസ് നിഗമനം.






