
വാഷിങ്ടണ്‍: യു.എസിലെ ടെക്‌സസ് സംസ്ഥാനത്തുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. വേനല്‍ക്കാല ക്യാംപിലുണ്ടായിരുന്ന 27 പേരുള്‍പ്പെടെ 28 കുട്ടികളും മരിച്ചവരില്‍പെടുന്നു. 10 കുട്ടികളുള്‍പ്പെടെ ഒട്ടേറേപ്പെരെ ഇനിയും കണ്ടെത്താനുണ്ട്. കെര്‍ കൗണ്ടിയില്‍ മാത്രം 84 പേര്‍ മരിച്ചു.
ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചും തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചന നല്‍കി. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാസേനയുടെ വിമാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ഇതുവരെ 850 പേരെ രക്ഷപ്പെടുത്തി. ദുരന്തബാധിതര്‍ക്കായി റോമില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രത്യേക പ്രാര്‍ഥന നടത്തി.
അതിനിടെ, ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടല്‍ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചതായി വിമര്‍ശനമുയരുന്നുണ്ട്. ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ദുരന്തമാണുണ്ടായതെന്നു ചൂണ്ടിക്കാട്ടി ആരോപണങ്ങള്‍ ഡോണള്‍ഡ് ട്രംപ് തള്ളുകയാണ്. പ്രകൃതിദുരന്തങ്ങള്‍ അതതു സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യണമെന്ന ട്രംപിന്റെ നയത്തിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.






