CrimeNEWS

മദ്യപിച്ച് ബൈക്കോടിച്ചതിന് കസ്റ്റഡിയിലെടുത്തു; ജീപ്പില്‍ കൊണ്ടുപോകവേ പോലീസുകാരന്റെ ഫോണ്‍ മോഷ്ടിച്ചു

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ചതിന് കസ്റ്റഡിയിലെടുത്തയാള്‍ ജീപ്പില്‍ കൊണ്ടുവരവേ അടുത്തിരുന്ന പോലീസുകാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചു.ബാലരാമപുരം സ്വദേശി സിജു പി. ജോണിനെ(46) ആണ് വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചത്.

ശനിയാഴ്ച വൈകിട്ട് മുക്കോല ഭാഗത്തുനിന്നായിരുന്നു മദ്യപിച്ച് ബൈക്കോടിച്ച് വരവേ പോലീസ് സംഘം സിജുവിനെ പിടികൂടിയത്. തുടര്‍ന്ന് പോലീസ് ജീപ്പില്‍ സ്റ്റേഷനിലേക്കു കൊണ്ടുവരുമ്പോള്‍ സമീപത്തിരുന്ന പോലീസുകാരന്റെ മൊബൈല്‍ഫോണെടുത്ത് പോക്കറ്റിലിടുകയായിരുന്നു. ഇതറിയാതെ രാത്രിയോടെ ഇയാളെ ജാമ്യത്തില്‍ വിട്ടു. ഫോണ്‍ കാണാത്തത്തിനെത്തുടര്‍ന്ന് സിപിഒ സൈബര്‍ പോലീസിന്റെ സഹായംതേടി.

Signature-ad

ഞായറാഴ്ചയോടെ തൃശ്ശൂര്‍ പോകാനായി സിജു തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന സിജു അവിടെയും ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് റെയില്‍വേ പോലീസ് പിടികൂടി ചോദ്യംചെയ്തപ്പോള്‍ രണ്ട് മൊബൈല്‍ഫോണുകള്‍ കണ്ടെടുത്തു. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് പോലീസുകാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചുവെന്ന് ഇയാള്‍ സമ്മതിച്ചത്. വിഴിഞ്ഞം പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: