CrimeNEWS

വീഡിയോയ്ക്ക് മോശം കമന്റിട്ടതിന് പരാതി നല്‍കി; ഫുഡ് വ്‌ളോഗറെ മര്‍ദിച്ച് ഭര്‍ത്താവ്, അക്രമം പതിവെന്ന് ഭാര്യ

കാസര്‍ഗോഡ്: നീലേശ്വരത്ത് ഭാര്യയുടെ യൂട്യൂബ് ചാനലിന് അശ്ലീല കമന്റിട്ട ഭര്‍ത്താവിനെതിരെ കേസ്. കമന്റ് ഇട്ടത് ചോദ്യംചെയ്തതിലുള്ള വിരോധത്തില്‍ മുടിക്ക് കുത്തിപ്പിടിച്ച് തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നാണ് നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ആരാധകരുള്ള ഫുഡ് വ്‌ളോഗറായ യുവതിയാണ് പരാതിക്കാരി. യുട്യൂബില്‍ ഇവര്‍ക്ക് 51,000 ഫോളോവേഴ്‌സുണ്ട്. ഇതിലെ വരുമാനം കൊണ്ടാണ് മകന്‍ അടങ്ങുന്ന കുടുംബം പോറ്റുന്നത്. 2023ല്‍ ഭര്‍ത്താവിനെതിരെ വീട്ടമ്മ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ആ കേസില്‍ പൊലീസ് ഇയാള്‍ക്ക് താക്കീതും നല്‍കിയതാണ്. ഒരേ വീട്ടില്‍ തന്നെയാണ് യുവതിയും ഭര്‍ത്താവും താമസിക്കുന്നത്. എന്നാല്‍, പല ദിവസങ്ങളിലും ഇയാള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യന്നത് പതിവാണ് എന്ന് ഭാര്യ പറഞ്ഞു. കഴിഞ്ഞ ദിവസം യുട്യൂബില്‍ വീഡിയോ എടുക്കുന്ന സമയത്താണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

Signature-ad

തന്റെ യൂട്യൂബ് ചാനലിന് അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്തതിനാണ് ഭര്‍ത്താവ് മര്‍ദിച്ചതെന്ന് യുവതി പറയുന്നു. യൂട്യൂബില്‍ ഇയാള്‍ പതിവായി മോശം കമന്റ് ഇടാറുണ്ടെന്നും പരാതിയിലുണ്ട്. കഴിഞ്ഞദിവസം വീട്ടില്‍ വെച്ചാണ് യുവതിക്ക് മര്‍ദ്ദനമേല്‍ക്കുന്നത്.

തൈക്കടപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ ആണ് ഭര്‍ത്താവിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. ഭാര്യയെ തടഞ്ഞു നിര്‍ത്തി മുടിക്ക് കുത്തിപ്പിടിച്ച് കൈ കൊണ്ട് അടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് പൊലീസ് എഫ്‌ഐആര്‍. ബിഎന്‍എസ് 126 (2),115 (2) വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുകയാണ്.

 

Back to top button
error: