ഇറാന്‍ വീണപ്പോള്‍ പത്തിമടക്കി ഹമാസും ഹിസ്ബുള്ളയും; വെടിനിര്‍ത്തലിനു സമ്മതമെന്നു ഹമാസ്; ചര്‍ച്ചകള്‍ ഉടന്‍ ആരംഭിച്ചേക്കും; ഈജിപ്റ്റിനെയും ഖത്തറിനെയും നിലപാട് അറിയിച്ചു; ഇസ്രയേല്‍ പൂര്‍ണമായി പിന്‍മാറണമെന്ന് ആവശ്യം; വഴങ്ങാതെ നെതന്യാഹു; 64 ശതമാനം പ്രദേശങ്ങള്‍ നിയന്ത്രണത്തിലെന്ന് സൈന്യം

ടെല്‍അവീവ്: ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതമറിയിച്ച് ഹമാസ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് സമ്മതം അറിയിച്ചത്. അകാരണമായി ഇസ്രയേല്‍ പലസ്തീനികളെ കൊന്നൊടുക്കുകയാണെന്നും എത്രയും വേഗം വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിന് സമ്മതമാണെന്നും ഈജിപ്തിനെയും ഖത്തറിനെയുമാണ് ഹമാസ് അറിയിച്ചത്. സ്ഥിരമായ വെടിനിര്‍ത്തലിന് വഴി തെളിക്കുന്ന കരാറിലേക്ക് എത്തിച്ചേരുന്നതാവണം നിലവിലെ വ്യവസ്ഥകളെന്നും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും ഹമാസിന്റെ സഖ്യ കക്ഷിയായ ഇസ്‌ലാമിക് ജിഹാദും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ഹാമസിനെ പിന്തുണച്ചിരുന്ന ഇറാന്റെ പതനത്തിനു പിന്നാലെയാണ് ഹിസ്ബുള്ളയും ഹമാസും പത്തിമടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹിസ്ബുള്ള നിബന്ധനകളോടെ ആയുധങ്ങള്‍ കൈമാറാമെന്നു സൂചന നല്‍കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ വന്‍ നാശമാണ് ഹമാസിനുണ്ടായതെന്നും പറയുന്നു.

ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് ഒരു ശത്രുവെന്ന് പറയാനാകാത്ത വിധം നശിപ്പിച്ചു കളഞ്ഞുവെന്നും സൈന്യത്തിന്റെ പക്കലാണ് നിയന്ത്രണമെന്നും ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുന്നത് വരെ നടപടികള്‍ തുടരുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെ ഗാസയില്‍ ഇസ്രയേല്‍ സൈന്യം തുടരുന്ന ആക്രമണങ്ങളില്‍ ആറു പലസ്തീനികള്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പലസ്തീനികള്‍ കൂട്ടമായി കഴിയുന്ന ടെന്റുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിലാണ് ആളുകള്‍ കൊല്ലപ്പെട്ടത്.
ഇരുഭാഗത്തുമുള്ള ചര്‍ച്ചകള്‍ക്കനുസരിച്ചു കാര്യങ്ങള്‍ പുരോഗമിച്ചാല്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ നീട്ടാമെന്നാണു ഹമാസിനു മുന്നില്‍വച്ചിട്ടുള്ള നിര്‍ദേശം. ഇസ്രയേല്‍ വീണ്ടും ആക്രമണം ആരംഭിക്കാതിരിക്കുക, ഐക്യരാഷ്ട്ര സഭയുടെ സഹായം റദ്ദാക്കിയതു പുനസ്ഥാപിക്കുക, ഇസ്രയേലിന്റെ പൂര്‍ണ പിന്‍മാറ്റം എന്നിവ ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം. ഐഡിഎഫ് പറയുന്നത് അനുസരിച്ച് ഗാസയുടെ 64 ശതമാനം പ്രദേശങ്ങളും ഇസ്രയേലിന്റെ നിയന്ത്രണത്തിലാണ്. ബന്ദികളെ കൈമാറിക്കഴിഞ്ഞാല്‍ നെതന്യാഹു വീണ്ടും ആക്രമണത്തിന് ഉത്തരവിടുമെന്നാണ് ഹമാസ് ഭയക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ നിയന്ത്രണത്തില്‍ ഗാസയിലേക്കുള്ള സഹായം തുടരണമെന്നും ഹമാസ് വാദിക്കുന്നു. നിലവില്‍ ഇസ്രയേല്‍-യുഎസ് സംയുക്തമായാണ് ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വഴി സഹായം എത്തിക്കുന്നത്. ഇതു ജനങ്ങളിലേക്കു മാത്രമാണ് എത്തുന്നതെന്ന് ഇവര്‍ ഉറപ്പാക്കുന്നുമുണ്ട്. നിലവില്‍ 70 ട്രക്ക് ആഹാര സാമഗ്രികളും ഭക്ഷണവുമാണ് പ്രതിദിനം ഗാസയില്‍ എത്തിക്കുന്നത്. 78 ദിവസം ഭക്ഷണ വിതരണം തടഞ്ഞുവച്ചതിനുശേഷമാണ് നടപടി പുനരാരംഭിച്ചത്. ഐഡിഎഫിന്റെ നേതൃത്വത്തില്‍ വിതരണം നടത്തുമ്പോള്‍ ജനങ്ങള്‍ വാങ്ങാന്‍ ഭയക്കുന്നെന്നും ഹമാസ് ആരോപിക്കുന്നു.
എന്നാല്‍, സൈന്യം പൂര്‍ണമായി പിന്‍മാറുന്നതും നിയന്ത്രണം വിട്ടുകൊടുക്കുന്നതും ഹമാസിന്റെ പുനര്‍സംഘാടനത്തിനും ഇസ്രയേലിനെതിരായ ആക്രമണം ആരംഭിക്കുന്നതിലേക്കും നയിക്കുമെന്നാണ് ജെറുസലേം വൃത്തങ്ങള്‍ പറയുന്നത്. നിലവില്‍ ഭീകരസംഘടനയുടെ ഏതാണ്ടെല്ലാ സംവിധാനങ്ങളെയും സൈന്യം തകര്‍ത്തിട്ടുണ്ട്. ഇവരുടെ അണ്ടര്‍ഗ്രൗണ്ട് പാസേജുകളില്‍ കൂടുതലും കോണ്‍ക്രീറ്റ് നിറച്ച് അടച്ചു. ഗാസയിലേക്കുള്ള സഹായവിതരണം മറ്റൊരു ഏജന്‍സിക്ക് കൈമാറാന്‍ കഴിയില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.