ഉത്തരത്തിന്റെ സ്ഥലം ഒഴിച്ച് ഇടരുത്, എന്തെഴുതിയാലും മാർക്ക് കിട്ടും:വെട്ടിലായി ഡിഒഇ
സർക്കാർ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഒരു ഡിഒഇ നൽകിയ നിർദ്ദേശമാണ് തലക്കെട്ടായി നിങ്ങൾ വായിച്ചത്. ഡൽഹിയിലാണ് സംഭവം നടന്നത്. പരീക്ഷയെഴുതാന്‍ തയ്യാറായി ഹാളിൽ എത്തിയ വിദ്യാർത്ഥികളോട് ഡിഒഇ പറഞ്ഞു കൊടുക്കുന്ന സാരോപദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഡൽഹി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ഉദിത് റായ് ആണ് വിവാദ സംഭവത്തിലെ നായകൻ. ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി നിറയ്ക്കാൻ ആണ് ഡിഒഇ വിദ്യാർത്ഥികളോട് പറയുന്നത്.
ഉത്തരം അറിയില്ലെങ്കിൽ എന്തെങ്കിലും എഴുതിയാൽ മതി എന്നും നിങ്ങൾക്ക് അതിനനുസരിച്ച് മാർക്ക് കിട്ടും എന്നുമാണ് അദ്ദേഹം പറയുന്നത്. ഉത്തരം എഴുതേണ്ട സ്ഥലം ഒഴിച്ച് ഇടരുത്. ചോദ്യം അതുപോലെ കോപ്പിയടിച്ച് എഴുതിയാലും മതി. ഉത്തരത്തിന്റെ സ്ഥാനത്ത് എന്തെങ്കിലും ഉണ്ടെങ്കില്‍ മാർക്ക് നൽകുമെന്ന് അധ്യാപകര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു ഉദിത് റായിയുടെ വിവാദമായ വാക്കുകൾ.
ഉദിത് റായ് വിദ്യാർത്ഥികളോട് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രശ്നം വഷളായിരിക്കുകയാണ്. സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഡൽഹിയിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ആണിതെന്ന് ബിജെപി ഡൽഹി മാധ്യമവിഭാഗം തലവൻ നവീൻ കുമാർ ആരോപിച്ചു.